തിരുവനന്തപുരം: നിർമാണത്തിനും നടത്തിപ്പിനും അനുവദിച്ച സമയപരിധി പാലിച്ച് കെ.എസ്.ഇ.ബിക്ക് കൈമാറേണ്ട മറ്റ് പദ്ധതിക്കൾക്കും മണിയാർ കരാർ നീട്ടുന്നത് തിരിച്ചടിയാവും. വ്യവസായ വകുപ്പിന്റെ പിന്തുണയിലാണ് മണിയാർ പദ്ധതി കരാർ നീട്ടുന്നതിന് കമ്പനി സർക്കാറിനെ സമീപിച്ചത്.
സമാനമായ നിലയിൽ ബി.ഒ.ടി വ്യവസ്ഥയിലെ മറ്റ് ചെറുകിട ജല വൈദ്യുതി പദ്ധതി കരാറുകാർ വിവിധ കാരണങ്ങളുന്നയിച്ച് ഭാവിയിൽ സർക്കാറിനെ സമീപിച്ചേക്കും. 12 മെഗാവാട്ടിന്റെ മണിയാർ പദ്ധതിക്ക് പുറമേ ഏഴ് മെഗാവാട്ടിന്റെ ഉല്ലുങ്കൽ പദ്ധതി, അഞ്ച് മെഗവാട്ടിന്റെ കാരിക്കയം പദ്ധതി, മൂന്ന് മെഗാവാട്ടിന്റെ ഇരുട്ടുക്കാനം പദ്ധതി തുടങ്ങിയവ ഇക്കൂട്ടത്തിൽപെടുന്നു.
മണിയാർ കരാറെടുത്ത കമ്പനിയോട് സർക്കാർ തുടരുന്ന മൃദുസമീപനം മറ്റിടങ്ങളിൽ പുതിയ അവകാശവാദങ്ങൾക്ക് കാരണമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ സി.എം.ഡിക്ക് കത്ത് നൽകി.
1990ലാണ് സർക്കാർ ആദ്യമായി സ്വകാര്യ കമ്പനികളെ ജലവൈദ്യുതി മേഖലയിൽ അനുവദിക്കുന്നത്. മണിയാർ ഇത്തരത്തിലെ ആദ്യ പദ്ധതിയുമാണ്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ കരാറുകൾ നൽകി. എന്നാൽ സ്വകാര്യ വത്കരണംകൊണ്ട് കാര്യമായ നേട്ടം ഉൗർജമേഖലക്ക് ഉണ്ടായില്ല. ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായ പങ്കും സംഭാവന ചെയ്യുന്നത് ഇടുക്കി ഉൾപ്പെടെയുള്ള കെ.എസ്.ഇ.ബിയുടെ സംരംഭങ്ങളാണ്.
മണിയാർ പാഠമായി കാണുന്ന കെ.എസ്.ഇ.ബി ഇനി ബി.ഒ.ടി കരാറുകളോട് അനുകൂല സമീപനം സ്വീകരിക്കാനിടയില്ല. ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കാൻ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി (പി.എസ്.പി), ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) സംവിധാനം, കാറ്റാടിപ്പാടങ്ങൾ തുടങ്ങിയവ വരുംവർഷങ്ങളിൽ ലക്ഷ്യമിടുന്ന കെ.എസ്.ഇ.ബി സ്വന്തം നിലക്ക് ഇവ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളാവും നടത്തുക. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും സോളാർ എനർജി കോർപറേഷൻ പോലുള്ള ഊർജ മേഖലയിലെ സംരംഭങ്ങളുടെയും സഹായവും ഇതിനായി പ്രയോജനപ്പെടുത്തും.
അതേസമയം എൻ.ടി.പി.സിക്ക് കീഴിലുള്ള കായംകുളം താപനിലയവുമായുള്ള കരാറും ഉടൻ അവസാനിക്കാനിരിക്കിക്കെ ഇതും നീട്ടിനൽകാനാണ് സാധ്യത. കായംകുളത്തുനിന്നുള്ള വൈദ്യുതി നിലവിൽ കെ.എസ്.ഇ.ബി ഉപയോഗിക്കുന്നില്ലെങ്കിലും ഫിക്സഡ് ചാർജ് നൽകുന്നുണ്ട്. പ്രതിവർഷം 100 കോടിയോളം രൂപയാണ് ഉപയോഗിക്കാത്ത വൈദ്യുതിയുടെ പേരിൽ നൽകുന്നത്.
കരാർ ഇനി പുതുക്കാനാവില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. എന്നാൽ തങ്ങളുടെ മറ്റ് നിലയങ്ങളിൽ നിന്നുള്ള കുറഞ്ഞ നിരക്കിലെ വൈദ്യുതി നൽകണമെങ്കിൽ കായംകുളം കരാർ തുടരണമെന്ന ആവശ്യമുയർത്തി സമ്മർദം ശക്തമാക്കിയിരിക്കുകയാണ് എൻ.ടി.പി.സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.