വ്യാജ ബിൽ ഹാജരാക്കി പണം തട്ടൽ; ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

മൂവാറ്റുപുഴ: റോഡ് ടാറിങ്ങിന്റെ പേരിൽ ഭാരത് പെട്രോളിയം കോർപറേഷന്റെ വ്യാജ ബിൽ ഹാജരാക്കി പണം തട്ടിയെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അച്ചടക്ക നടപടി.വാളകം പഞ്ചായത്തിലെ മുതിർന്ന രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഒഴിവാക്കി മുൻ പാർട് ടൈം പൗണ്ട് കീപ്പറെ മാത്രം കുറ്റക്കാരനാക്കിയാണ് നടപടി. മുൻ പഞ്ചായത്തംഗം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് വ്യാജ ബിൽ ഹാജരാക്കി 62,756 രൂപയുടെ ക്രമക്കേട് നടത്തിയതെന്നാണ് അച്ചടക്ക നടപടിയുടെ ഭാഗമായ റിപ്പോർട്ടിൽ വ്യക്തമാകുന്നത്.

2004-2005 കാലയളവിൽ നടന്ന ക്രമക്കേടിൽ പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പാർട്ട് ടൈം ജീവനക്കാരനെ കൂടാതെ മുൻ പഞ്ചായത്ത് അംഗം, മുൻ പഞ്ചായത്ത് സെക്രട്ടറി, മുൻ സെക്ഷൻ ക്ലർക്ക് എന്നിവർക്ക് പങ്കുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. കേസ് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

കുറ്റകൃത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മുതിർന്ന ഉദ്യോഗസ്ഥരെ നടപടികളിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഔദ്യോഗിക തിരക്കുകൾ മൂലം വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാത്തതിലുള്ള വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് ഇവർ നൽകിയ വിശദീകരണം ചൂണ്ടിക്കാണിച്ചാണ് ഇർക്കെതിരെ അച്ചടക്ക നടപടികൾ ഒഴിവാക്കിയത്.

അതേസമയം പാർട് ടൈം പൗണ്ട് കീപ്പർക്കെതിരെയുള്ള അച്ചടക്ക നടപടികൾ തുടരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2004 -2005 കാലയളവിൽ പൊറ്റവേലിക്കുടി - അരിയാറ്റിപ്പടി, അഞ്ചുകവല കോളനി എന്നീ റോഡുകൾ ടാറിങ് നടത്തിയതിന് 29 ബാരൽ ബിറ്റുമിൻ വാങ്ങിയെന്ന് കാണിക്കുന്ന ഭാരത് പെട്രോളിയം കോർപറേഷന്റെ വ്യാജ ബിറ്റുമിൻ ഇൻവോയ്സ് ഹാജരാക്കി 62,756 രൂപ തട്ടിയെടുത്തതായാണ് കേസ്.

News Summary - Extortion by presenting a fake bill; No action against top officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.