തൊടുപുഴ: യുവ ഐ.പി.എസ് ഓഫിസറുടെ പേരിൽ വ്യാജമായി ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മൂന്നംഗസംഘത്തെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ മൈലപ്ര സ്വദേശികളായ ചീങ്കൽതടം എബനേസർ ഹോമിൽ പ്രിൻസ് ജോൺ (24), മുണ്ടുകോട്ടക്കൽ വലിയകാലായിൽ ജിബിൻ ജോർജ് (26), മണ്ണാർകുളഞ്ഞി പാലമൂട്ടിൽ ലിജോ മോനച്ചൻ (26) എന്നിവരെയാണ് വെള്ളിയാഴ്ച ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്.
കെ. ജോബി തോമസ് ഐ.പി.എസ് എന്ന പേരിൽ വ്യാജമായി പ്രൊഫൈലും മറ്റൊരാളുടെ ഫോട്ടോകളും ഉൾപ്പെടുത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിന് വിശ്വാസ്യത വരുത്തുന്നതിനായി കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ പേരിലും വ്യാജമായി ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. യുവതികളിൽനിന്നും വീട്ടമ്മമാരിൽനിന്നും രണ്ടര ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്.
കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റമ്പതിലേറെ സ്ത്രീകളും യുവതികളും ഇവരുടെ വ്യാജ പ്രൊഫൈലിൽ കുരുങ്ങിയിട്ടുണ്ട്. പ്രതികൾ പിടിയിലായതോടെ പലരും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് പിന്മാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരവും ഗൂഢാലോചന, വഞ്ചന തുടങ്ങിയവക്കുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.