കേരളത്തിൽ തിരിച്ചുവരാനുള്ള ആഗ്രഹം പറയാതെ പറഞ്ഞ്​ മിസോറാം ഗവർണർ ശ്രീധരൻ പിള്ള

കോഴിക്കോട്​: കേരളത്തിലേക്ക്​ തിരിച്ചുവരണമെന്ന ആഗ്രഹം പറയാതെ പറഞ്ഞ്​ മിസോറാം ഗവർണർ പി.എസ്​. ശ്രീധരൻ പിള്ള. ഗൃഹാതുരത്വം മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിൻെറ കോണിലെവിടെയോ അങ്കുരിച്ചതായാണ്​ ഫേസ്​ബുക്​​ പോസ്​റ്റിൽ പറയുന്നത്​. ഗവർണറായി നിയമിതനായപ്പോൾ, ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്ന്​ തോന്നുന്നതായും അദ്ദേഹം വ്യക്​തമാക്കി.

ഗവർണറായി നിയമിതനായതിൻെറ ഒരു കൊല്ലം തികയുന്ന വേളയിലാണ്​ കേരളത്തിലേക്ക്​ തിരിച്ചു വരാനുള്ള ആഗ്രഹം ശ്രീധരൻ പിള്ള പ്രകടിപ്പിക്കുന്നത്​. ഗവർണർ പദവിയിലെ അനുഭവങ്ങളേക്കാൾ, അഭിഭാഷക ജീവതത്തെക്കുറിച്ചാണ്​ ഫേസ്​ബുക്​ കുറിപ്പിൽ കൂടുതലും പറയുന്നത്​. ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമാ​െണന്നാണ്​ കരുതുന്നതെന്നും ആരോടുമില്ല പരിഭവമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

ബി.ജെ.പി സംസ്ഥാന പ്രസിഡൻറായിരുന്ന പി.എസ്. ശ്രീധരന ്‍ പിള്ളയെ, അപ്രതീക്ഷിതമായിട്ടായിരുന്നു മിസോറം ഗവര്‍ണറായി നിയമിച്ചത്​. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തോൽവിയുമായി ബന്ധപ്പെട്ട വാർത്തസമ്മേളനം നടത്തിയതിന്​ പിറകെയാണ്​ രാഷ്​ട്രപതിഭവനിൽ നിന്ന്​ നിയമന അറിയിപ്പ്​ പിള്ളക്ക്​ ലഭിച്ചത്​. 2019 ഒക്​ടോബർ 25നായിരുന്നു ഇത്​.

ബി.ജെ.പി സംസ്​ഥാന പ്രസിഡൻറായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണർ സ്ഥാനം രാജിവെച്ചതിന​ുശേഷമാണ്​ പിള്ളയെ നിയമിച്ചത്​. മിസോറം ഗവര്‍ണറായ മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2018-19 കാലയളവിൽ കുമ്മനം രാജശേഖരനും 2011^14 കാലയളവിൽ കോൺഗ്രസ്​ നേതാവ്​ വക്കം പുരുഷോത്തമനും അവിടെ ഗവർണറായിരുന്നു. ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരന്‍ പിള്ള കോഴിക്കോട് ഗവ.​ ലോ കോളജില്‍നിന്ന് നിയമബിരുദം നേടി മലബാറിൽതന്നെ അഭിഭാഷകനായി പ്രാക്​ടീസ്​ ചെയ്യുകയായിരുന്നു. 2003ലും ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്​ഥാന പ്രസിഡൻറായിരുന്നു.

ഫേസ്​ബുക്​ പോസ്​റ്റിൻെറ പൂർണ രൂപം

വർഷമൊന്നു പൂർത്തിയായി:
ഗവർണ്ണർ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിൻ്റെ പ്രയാണത്തിൽ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതൻ ആത്മാർത്ഥമായും കരുതുന്നു. മഹാമാരിയ്ക്കും മൗനത്തിനുമിടയിൽ എല്ലാവർക്കും നന്ദി ! ആരോടുമില്ല പരിഭവം !

അന്ന് നിയമനം വാർത്തയായപ്പോൾ മിസോറാമിലെ പത്രങ്ങളും പ്രതിപക്ഷപ്പാർട്ടിയും എതിർപ്പോടെ എഴുതി " Mizoram , now is a dumping place for Hindu fundamentalists ".
കഴിഞ്ഞ ഓഗസ്റ്റിൽ എൻ്റെ മൂന്നു പുസ്തകങ്ങൾ ഐസ്വാളിൽ പുറത്തിറക്കിക്കൊണ്ട് അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷപ്പാർട്ടി അദ്ധ്യക്ഷനും , ഒപ്പം പ്രാദേശിക പാർട്ടിക്കാരനായ മുഖ്യമന്ത്രിയും ഒക്കെ മിസ്സോറാമിനു കിട്ടിയ വലിയ ബഹുമതിയായി ഗവർണ്ണറെ ചിത്രീകരിച്ചത് വാർത്തയായപ്പോഴും നിസ്സംഗത്വമായിരുന്നു എൻ്റെ പ്രതികരണം.
മിസ്സോറാമിനു സ്നേഹം നൽകാനും അവരിൽ നിന്നു സ്നേഹം കിട്ടാനുമായതിൽ ചാരിതാർത്ഥ്യം !.

കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി ഗൃഹാതുരത്വം എന്നിലുണർത്തിയത് രണ്ടു ഫോൺ സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് എൻ്റെ മകൻ അഡ്വ: അർജ്ജുൻ്റേതായിരുന്നു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ സീനിയർ പ്രോസിക്യൂട്ടർമാരായ രണ്ടു പേരും അവനെ വിളിച്ച് എന്നെ അകമഴിഞ്ഞ് അഭിനന്ദിച്ചതായും ,ആ വിവരം അച്ഛനെ അറിയിക്കണമെന്നും അവർ പറഞ്ഞു.
ഞാൻ പാലക്കാട്ട് പ്രതികൾക്കുവേണ്ടി ട്രയൽ നടത്തിയ ഒരു ഇരട്ടക്കൊലപാതക്കേസിൻ്റെ അപ്പീലിനായി ഫയൽ പഠിച്ചപ്പോഴും ,വാദം നടത്തിയപ്പോഴും അവർക്കു തോന്നിയ മതിപ്പാണ് അവരിലൂടെ പ്രതിഫലിച്ചത്. ഞാൻ നന്നായി പ്രതിഭാഗത്തിനായി അധ്വാനിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീൽ പ്രോസിക്യൂഷനനുകൂലമാകുമെന്നു പറയാനും അവർ മറന്നില്ല.

എന്നാൽ കേസ്സിൻ്റെ വിധി വന്നപ്പോൾ എല്ലാ പ്രതികളെയും ബഹു: ഹൈക്കോടതി വിട്ടയച്ചു. അന്നു രാത്രി എനിക്കൊരു വിളി വന്നു . മിസ്സോറാമിലെ കൊടും തണുപ്പിലും എൻ്റെ മനസ്സിന് ചൂടും ചൂരും പകർന്നു കിട്ടിയ ഫോൺകോൾ ! പ്രശസ്ത സീനിയർ ക്രിമിനൽ അഭിഭാഷകൻ ബി രാമൻപിള്ള സാറായിരുന്നു മറുതലയ്ക്കൽ.
"വിധി അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം,
എന്നാൽ അസ്സലായി ട്രയൽ നടത്തിയതിനഭിനന്ദിക്കാനാണ് വിളിച്ചതെന്ന് " സാർ പറഞ്ഞപ്പോൾ എൻ്റെ സന്തോഷം ആകാശത്തോളമുയർന്നു. പാലക്കാട്ട് ആറ് മാസത്തോളം തുടർച്ചയായി ചിലവഴിച്ച് നടത്തിയ പ്രമാദമായ ഒരു കേസ്സായിരുന്നു അത്. കേസ് അനന്തമായി നീണ്ടപ്പോൾ അവസാനഘട്ടത്തിൽ നൽകിയ ഫീസൊക്കെയും വേണ്ടെന്നു പറഞ്ഞതും ഞാനോർത്തുപോയി !

ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിൻ്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിൻ്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ?
കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.
എല്ലാവർക്കും നന്ദി - നമസ്കാരം

Tags:    
News Summary - facebook post of mizoram governor ps sreedharan pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.