തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ജയിൽ മോചിതനായപ്പോൾ ഫേസ്ബുക്കിൽ ഐക്യദാര്‍ഢ്യ പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്. അച്ചടക്കലംഘനം കാട്ടിയെന്നാരോപിച്ചാണ് ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നിന് പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാർ മെമ്മോ നല്‍കിയത്. ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടതിനുശേഷം അദ്ദേഹത്തെ സ്വീകരിക്കാന്‍ കോഴിക്കോട് ജില്ല പരിസരത്ത് ഉമേഷ് എത്തിയെന്നും ഇത് ഡി.ജി.പിയുടെ ഉത്തരവിന്റെ ലംഘനവും സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്നും മെമ്മോയില്‍ ആരോപിക്കുന്നു.
എന്നാൽ, നിസ്സാര കുറ്റം ആരോപിക്കുകയും അതില്‍ കോടതി കുറ്റമുക്തനാക്കുകയും ചെയ്ത ഒരാളെ അകറ്റിനിര്‍ത്തുകയോ ശത്രുവായി കാണുകയോ ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നാണ് മെമ്മോക്കുള്ള ഉമേഷിന്റെ മറുപടി. ഗ്രോ വാസുവിനെ സ്വീകരിക്കുകയോ സ്വീകരണത്തില്‍ പങ്കെടുക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. കോഴിക്കോട് ജില്ല പരിസരത്താണ് അമ്മയും സഹോദരങ്ങളും താമസിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെ എത്തുകയെന്നത് അനിവാര്യമായ ഒന്നാണെന്നും ഉമേഷ് നല്കിയ വിശദീകരണത്തില്‍ പറയുന്നു.
കോടതി നിരപരാധിയെന്ന് വിധിച്ച ഒരാളെ കാണുന്നതും ഫോട്ടോയെടുക്കുന്നതും ഡി.ജി.പിയുടെ സര്‍ക്കുലറിന് വിരുദ്ധമല്ല. സര്‍ക്കാര്‍ കുറ്റമാരോപിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് കോടതിയുത്തരവിലൂടെ തിരികെ ഡി.ജി.പിയായി എത്തുകയും ചെയ്ത ഒരാളുടെ സര്‍ക്കുലറാണ് മെമ്മോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗ്രോ വാസുവിന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ടാല്‍ കളങ്കമേല്ക്കുന്നത്ര ദുര്‍ബലമല്ല കേരള പൊലീസിന്റെ അന്തസ്സെന്നും കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.