പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ അട്ടപ്പാടി കോളജ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് അഗളി പൊലീസിൽ പ്രിൻസിപ്പൽ പരാതി നൽകിയത്. വിദ്യ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന് പരാതിയിൽ പറയുന്നു.
ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് വിദ്യ വിജയന് എന്ന കെ. വിദ്യ പ്രതിയായ വ്യാജരേഖക്കേസ് അഗളി പൊലീസിന് കൈമാറാൻ സിറ്റി പൊലീസ് കമീഷണർ തീരുമാനിച്ചത്. സിറ്റി അസി. കമീഷണറുടെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടറാണ് കേസ് അന്വേഷിക്കുക.
മഹാരാജാസ് കോളജില്‍ ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റാണ് അട്ടപ്പാടി കോളജിലെ ഗെസ്റ്റ് ലെക്ചറർ നിയമനത്തിന് വിദ്യ ഹാജരാക്കിയത്. ഇത് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കേസും രാഷ്ടീയ വിവാദവും ഉടലെടുത്തത്.
അതേസമയം, ഗെസ്റ്റ് ലെക്ചററാകാൻ ഉണ്ടാക്കിയെന്ന് പറയുന്ന വ്യാജരേഖ കാണുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അങ്ങനെയൊന്ന് തന്റെ കൈയില്‍ ഇല്ലെന്നും കേസിൽ പ്രതിയായ കെ. വിദ്യ പറയുന്നത്. വിവാദത്തിന് പിന്നാലെ വിദ്യ ഒളിവിലാണ്.
അതിനിടെ, വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അധ്യാപനത്തിന് ശ്രമിച്ച കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥിനിയും എസ്.എഫ്.ഐ മുൻ നേതാവുമായ കെ.വിദ്യയെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. സിൻഡിക്കേറ്റ് അംഗവും മലയാളം വിഭാഗം അധ്യാപികയുമായ ഡോ. ബിച്ചു എക്സ്. മലയിലിന് കീഴിലാണ് കെ. വിദ്യ ഗവേഷണം നടത്തുന്നത്.
റിസർച് ഗൈഡ് സ്ഥാനത്തുനിന്ന് പിന്മാറുകയാണെന്ന് കാണിച്ച് അധ്യാപിക മലയാള വിഭാഗം മേധാവി എസ്. പ്രിയക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. വിദ്യാർഥിയെ സർവകലാശാലയിൽനിന്ന് പുറത്ത് ആക്കണമെങ്കിൽ സിൻഡിക്കേറ്റിന്റെ അനുമതി വേണം. അടുത്തദിവസം ചേരുന്ന സിൻഡിക്കേറ്റ് ഇക്കാര്യം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.