മലപ്പുറം: വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയതിന് മറവിൽ വളാഞ്ചേരിയിലെ അർമ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന് പൊലീസ്. ഏകദേശം 2500 പേരുടെ സാമ്പിളുകളാണ് ഇവർ ശേഖരിച്ചത്. ഇതിൽ 2000 പേർക്കും നൽകിയത് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റാണ്. 2750 രൂപയാണ് ഒരാളുടെ പരിശോധനക്ക് ഈടാക്കിയിരുന്നത്.
ഇത്തരത്തിൽ 50 ലക്ഷം രൂപയെങ്കിലും തട്ടിയതായി അന്വേഷണം സംഘം കണ്ടെത്തി. കോഴിക്കോട്ടെ മൈക്രോ ലാബിൻെറ പേരിലാണ് അർമ ലാബ് തട്ടിപ്പ് നടത്തിയത്. പരിശോധനക്ക് ലഭിക്കുന്ന സ്രവം കോഴിക്കോട്ടേക്ക് അയക്കാതെ ലാബിൽ തന്നെ നശിപ്പിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയായിരുന്നു. 496 സാമ്പിളുകൾ മാത്രമാണ് ഇവർ അയച്ചത്. ആഗസ്റ്റ് 16ന് ശേഷം അർമ ലാബിൽനിന്ന് പരിശോധന നടത്തിയവർ വളാഞ്ചേരി പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ലാബ് അധികൃതർ കമ്പ്യൂട്ടറിലെ രേഖകൾ നശിപ്പിച്ചിരുന്നു. എന്നാൽ, സൈബർ വിദഗ്ധരുടെ സഹായത്തോടെ ഇവ പൊലീസ് വീണ്ടെടുത്തു. ലാബ് നടത്തിപ്പിലെ ഒരാൾ റിമാൻഡിലാണ്. മറ്റുള്ളവർ കോവിഡ് ബാധിച്ചതിനാൽ പൊലീസിൻെറ നിരീക്ഷണത്തിലാണ്. രോഗം ഭേദമായ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
സെപ്റ്റംബർ 14ന് പെരിന്തൽമണ്ണ തൂത സ്വദേശി അബ്‌ദുൽ അസീസിൻെറ സ്രവം അർമ ലാബിൽ ശേഖരിച്ചിരുന്നു. അടുത്ത ദിവസം ഫലം വാങ്ങാനെത്തിയ അസീസിന് മൈക്രോ ഹെൽത്ത് ലാബിലെ സൈറ്റിൽ കയറി നെഗറ്റിവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി നൽകി.
എന്നാൽ, ആരോഗ്യ വകുപ്പിൽനിന്ന് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്. തുടർന്ന് കോഴിക്കോട് ലാബുമായി ബന്ധപ്പെട്ടു. ഇവർ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു.
ഇതോടെ പൊലീസ് കേസെടുത്ത് ലാബ് അടച്ചുപൂട്ടി സീൽ ചെയ്തു. കോവിഡ് സ്രവ പരിശോധനക്ക് അംഗീകാരമുള്ള കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ കലക്ഷൻ ഏജൻറായിരുന്നു അർമ ലാബ്.
അതേസമയം, വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വ്യാപകമായതോടെ കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവളത്തിൽ നൂറോളം പേരുടെ യാത്ര മുടങ്ങി. തിങ്കളാഴ്ച പുലർച്ച സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബൈയിലേക്ക് പുറപ്പെടേണ്ടവരുടെ യാത്രയാണ് മുടങ്ങിയത്.
ഇവർക്ക് കോഴിക്കോട് മൈേക്രാ ഹെൽത്ത് ലാബിൽ നടത്തിയ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുകളാണുണ്ടായിരുന്നത്. എന്നാൽ, കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബ്, ജയ്പൂരിലെ സൂര്യം ലാബ്, ഡോ. പി. ഭാസിൻ പാത്ത് ലാബ് ഡൽഹി, ഡൽഹിയിലെ തന്നെ നോബിൾ ഡയഗ്നോസ്റ്റിക് സെൻറർ എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനികൾക്ക് നിർദേശം ലഭിച്ചത്.
ഇക്കാര്യം അറിയാതെ െഎ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) അംഗീകാരമുള്ള ലാബിൽ നിന്നുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്രക്കാർ എത്തുകയായിരുന്നു. ദുബൈയിൽ അംഗീകാരമില്ലാത്തതിനാൽ യാത്രക്കാരുടെ കൈവശമുള്ള നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ലെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11ഒാടെ തന്നെ ദുബൈ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർ കരിപ്പൂരിലെത്തിയിരുന്നു. സർട്ടിഫിക്കറ്റുകൾ നിരസിച്ചതോടെ ഇവർ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. അതേസമയം, സർട്ടിഫിക്കറ്റ് സ്വീകരിക്കാത്തത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
അര്‍മ ലാബ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിലര്‍ക്ക് ദുബൈയിലെത്തിയപ്പോള്‍ കോവിഡ് പോസിറ്റിവായതായി കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മൈക്രൊ ലാബ് സര്‍ട്ടിഫിക്കറ്റുകള്‍ തല്‍ക്കാലം അംഗീകരിക്കേണ്ടെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. പ്രശ്‌നം പരിഹരിച്ചുവരുകയാണെന്ന് മൈക്രോ ലാബ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.