Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വ്യാജ കോവിഡ്​ സർട്ടിഫിക്കറ്റ്​: വളാഞ്ചേരിയിലെ സ്വകാര്യ ലാബ്​ തട്ടിയത്​ ലക്ഷങ്ങൾ
cancel
Homechevron_rightNewschevron_rightKeralachevron_rightവ്യാജ കോവിഡ്​...

വ്യാജ കോവിഡ്​ സർട്ടിഫിക്കറ്റ്​: വളാഞ്ചേരിയിലെ സ്വകാര്യ ലാബ്​ തട്ടിയത്​ ലക്ഷങ്ങൾ

text_fields
bookmark_border

മലപ്പുറം: വ്യാജ കോവിഡ്​ സർട്ടിഫിക്കറ്റ്​ നൽകിയതിന്​ മറവിൽ വളാഞ്ചേരിയിലെ അർമ ലാബ്​ തട്ടിയത്​ ലക്ഷ​ങ്ങളെന്ന്​ പൊലീസ്​. ഏകദേശം 2500 പേരുടെ സാമ്പിളുകളാണ്​ ഇവർ ശേഖരിച്ചത്​. ഇതിൽ 2000 ​പേർക്കും നൽകിയത്​ വ്യാജ നെഗറ്റീവ്​ സർട്ടിഫിക്കറ്റാണ്​. 2750 രൂപയാണ്​ ഒരാളുടെ പരിശോധനക്ക്​ ഈടാക്കിയിരുന്നത്​.

ഇത്തരത്തിൽ 50 ലക്ഷം രൂപയെങ്കിലും തട്ടിയതായി അന്വേഷണം സംഘം കണ്ടെത്തി. കോഴിക്കോ​ട്ടെ മൈക്രോ ലാബിൻെറ പേരിലാണ്​ അർമ ലാബ്​ തട്ടിപ്പ്​ നടത്തിയത്​. പരിശോധനക്ക്​ ലഭിക്കുന്ന സ്രവം കോഴിക്കോ​ട്ടേക്ക്​ അയക്കാതെ ലാബിൽ തന്നെ നശിപ്പിച്ച്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നൽകുന്ന രീതിയായിരുന്നു​. 496 സാമ്പിളുകൾ മാത്രമാണ്​ ഇവർ അയച്ചത്​. ആഗസ്​റ്റ്​ 16ന്​ ശേഷം അർമ ലാബിൽനിന്ന്​ പരിശോധന നടത്തിയവർ വളാഞ്ചേരി പൊലീസുമായി ബന്ധ​പ്പെടണമെന്ന്​ അധികൃതർ അറിയിച്ചു.

കേസെടുത്ത്​ അന്വേഷണം തുടങ്ങിയതോടെ ലാബ്​ അധികൃതർ കമ്പ്യൂട്ടറിലെ രേഖകൾ നശിപ്പിച്ചിരുന്നു. എന്നാൽ, സൈബർ വിദഗ്​ധരുടെ സഹായത്തോടെ ഇവ പൊലീസ്​ വീണ്ടെടുത്തു. ലാബ്​ നടത്തിപ്പിലെ ഒരാൾ റിമാൻഡിലാണ്​. മറ്റുള്ളവർ കോവിഡ്​ ബാധിച്ചതിനാൽ പൊലീസിൻെറ നിരീക്ഷണത്തിലാണ്​. രോഗം ഭേദമായ ശേഷം ഇവരുടെ അറസ്​റ്റ്​ രേഖപ്പെടുത്തും.

സെപ്​റ്റംബർ 14ന് പെരിന്തൽമണ്ണ തൂത സ്വദേശി അബ്‌ദുൽ അസീസിൻെറ സ്രവം അർമ ലാബിൽ ശേഖരിച്ചിരുന്നു. അടുത്ത ദിവസം ഫലം വാങ്ങാനെത്തിയ അസീസിന് മൈക്രോ ഹെൽത്ത് ലാബിലെ സൈറ്റിൽ കയറി നെഗറ്റിവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി നൽകി.

എന്നാൽ, ആരോഗ്യ വകുപ്പിൽനിന്ന്​ കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഇദ്ദേഹം​ അറിയുന്നത്​. തുടർന്ന് കോഴിക്കോട് ലാബുമായി ബന്ധപ്പെട്ടു. ഇവർ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന്​ ഇവർ​ പരാതി നൽകുകയായിരുന്നു.

ഇതോടെ പൊലീസ് കേസെടുത്ത്​ ലാബ് അടച്ചുപൂട്ടി സീൽ ചെയ്തു. കോവിഡ് സ്രവ പരിശോധനക്ക് അംഗീകാരമുള്ള കോഴിക്കോട് മൈക്രോ ഹെൽത്ത്‌ ലബോറട്ടറിയുടെ കലക്​ഷൻ ഏജൻറായിരുന്നു​ അർമ ലാബ്.

അതേസമയം, വ്യാജ നെഗറ്റീവ്​ സർട്ടിഫിക്കറ്റുകൾ വ്യാപകമായതോടെ കഴിഞ്ഞദിവസം കോഴിക്കോട്​ വിമാനത്താവളത്തിൽ നൂറോളം പേരുടെ യാത്ര മുടങ്ങി. തിങ്കളാഴ്​ച പുലർച്ച സ്​പൈസ്​ജെറ്റ്​ വിമാനത്തിൽ ദുബൈയിലേക്ക്​ പുറപ്പെടേണ്ടവരുടെ യാത്രയാണ്​ മുടങ്ങിയത്​.

ഇവർക്ക്​ കോഴിക്കോട്​ മൈ​േക്രാ ഹെൽത്ത്​ ലാബിൽ നടത്തിയ കോവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റുകളാണുണ്ടായിരുന്നത്​. എന്നാൽ, കേരളത്തിലെ മൈക്രോ ഹെൽത്ത്​ ലാബ്​, ജയ്​പൂരിലെ സൂര്യം ലാബ്​, ഡോ. പി. ഭാസിൻ പാത്ത്​ ലാബ്​ ഡൽഹി, ഡൽഹി​യിലെ തന്നെ നോബിൾ ഡയഗ്​നോസ്​റ്റിക്​ സെൻറർ എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്ന്​ കഴിഞ്ഞ ദിവസമാണ്​ കമ്പനികൾക്ക്​ നിർദേശം ലഭിച്ചത്​.

ഇക്കാര്യം അറിയാതെ ​െഎ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്​) അംഗീകാരമുള്ള ലാബിൽ നിന്നുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി യാത്രക്കാർ എത്തുകയായിരുന്നു. ദുബൈയിൽ അംഗീകാരമില്ലാത്തതിനാൽ യാത്രക്കാരുടെ കൈവശമുള്ള നെഗറ്റിവ്​ സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ലെന്ന്​ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11ഒാടെ തന്നെ ദുബൈ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർ കരിപ്പൂരിലെത്തിയിരുന്നു. സർട്ടിഫിക്കറ്റുകൾ നിരസിച്ചതോടെ ഇവർ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. അതേസമയം, സർട്ടിഫിക്കറ്റ്​ സ്വീകരിക്കാത്തത്​ സംബന്ധിച്ച്​ മുന്നറിയിപ്പ്​ ലഭിച്ചില്ലെന്നാണ്​ യാത്രക്കാർ പരാതിപ്പെടുന്നത്​.

അര്‍മ ലാബ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിലര്‍ക്ക് ദുബൈയിലെത്തിയപ്പോള്‍ കോവിഡ് പോസിറ്റിവായതായി കണ്ടെത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് മൈക്രൊ ലാബ് സര്‍ട്ടിഫിക്കറ്റുകള്‍ തല്‍ക്കാലം അംഗീകരിക്കേണ്ടെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. പ്രശ്‌നം പരിഹരിച്ചുവരുകയാണെന്ന്​ മൈക്രോ ലാബ്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testarma lab
Next Story