വ്യാജരേഖ: തൃശൂർ കോർപറേഷൻ കൗൺസിലർ അറസ്​റ്റിൽ

തൃശൂർ: കടമുറിക്ക് വ്യാജരേഖയുണ്ടാക്കി ലൈസൻസ് അനുവദിച്ചുവെന്ന കെട്ടിട ഉടമയുടെ പരാതിയിൽ കോർപറേഷൻ കൗൺസിലർ അറസ്​റ്റിൽ. ഭരണകക്ഷിയംഗവും സി.എം.പി കൗൺസിലറും സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനുമായ പി. സുകുമാരനെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. പൂത്തോൾ ഡിവിഷൻ കൗൺസിലറാണ് സുകുമാരൻ. വ്യാജരേഖ ചമക്കൽ, മോഷണം, തെളിവ് നശിപ്പിക്കൽ, വഞ്ചനാകുറ്റം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമാണ് കോർപറേഷൻ കൗൺസിലറെ വ്യാജരേഖ ചമക്കൽ കേസിൽ അറസ്​റ്റ്​ ചെയ്യുന്നത്. 

പോസ്​റ്റ്​ ഒാഫിസ് റോഡിൽ ഉടമാവകാശ തർക്കത്തിലുള്ള വ്യാപാര സ്ഥാപനത്തിനാണ് കെട്ടിടം ഉടമയായ കൂർക്കഞ്ചേരി ചിയ്യാരം സ്വദേശിയുടെ അറിവും അനുമതിയുമില്ലാതെ വ്യാജ ഒപ്പിട്ട് അപേക്ഷയുണ്ടാക്കി കടയുടമക്ക് ലൈസൻസ് പുതുക്കി നൽകിയത്. കെട്ടിടം ഉടമ ഹൈകോടതിയെ സമീപിച്ചതിൽ ഈസ്​റ്റ്​ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലാണ് അറസ്​റ്റ്​. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ റിമാൻഡ് ചെയ്തു. നഗരത്തിലെ പ്രമുഖ ദേവസ്വത്തി​​െൻറ ഭാരവാഹിയാണ്​ കടയുടമ. വ്യാപാരിയും കെട്ടിടയുടമയും തമ്മിലുള്ള തർക്കത്തിലാണ് കോർപറേഷനും പ്രതിയാവുന്നത്.

പുതുക്കാൻ ലൈസൻസ് ആദ്യമെടുക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങളില്ല. അതിനാൽ അപേക്ഷയിൽ ലൈസൻസ് അനുവദിച്ചു. വിവരമറിഞ്ഞ കെട്ടിടം ഉടമ കോർപറേഷനിൽ നൽകിയ വിവരാവകാശ നിയമ പ്രകാരം കാര്യം തിരക്കിയപ്പോഴാണ് അപേക്ഷ നൽകിയിട്ടുണ്ടെന്നും ലൈസൻസ് പുതുക്കി നൽകിയെന്നും അറിഞ്ഞത്. ഇതോടെ കെട്ടിടം ഉടമ ഹൈകോടതിയെ സമീപിച്ചു. ഹരജിയിൽ കോർപറേഷൻ സെക്രട്ടറി, അസി.സെക്രട്ടറി എന്നിവരെയുൾപ്പെടെ എതിർകക്ഷികളാക്കി ഈസ്​റ്റ്​ പൊലീസ് കേസെടുത്തു. 

കേസ് രജിസ്​റ്റർ ചെയ്തതോടെ ലൈസൻസ് പുതുക്കി നൽകാൻ വ്യാജ ഒപ്പിട്ട് നൽകിയ അപേക്ഷ ഫയലിൽനിന്നും കാണാതായി. ഉദ്യോഗസ്ഥരുടെ മൊഴിയാണ് സുകുമാരനെ കുടുക്കിയത്. അപേക്ഷ നൽകിയതും ഒപ്പിട്ട് എത്തിച്ചതും പരാതിയെത്തിയപ്പോൾ ഫയൽ കൊണ്ടുപോയതും ഉൾപ്പെടെ ഉദ്യോഗസ്ഥർ പൊലീസിന് മൊഴി നൽകി. തർക്കം വന്നതോടെ കോർപറേഷൻ സ്ഥാപനം പൂട്ടിച്ചു. പിന്നീട് ഹൈകോടതിയിൽനിന്നും താൽക്കാലികാനുമതി വാങ്ങി സ്ഥാപനം പ്രവർത്തനം തുടങ്ങിയിരുന്നു. കടയുടമ മുൻകൂർ ജാമ്യമെടുക്കുകയും ചെയ്​തു. ഉദ്യോഗസ്ഥരുടെ മൊഴിയെ തുടർന്ന്​ കേസ് രജിസ്​റ്റർ​ ചെയ്ത പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയാണ്​ സ​ുകുമാരനെ അറസ്​റ്റ്​ ചെയ്​ത്​.

Tags:    
News Summary - Fake Document: Police Arrest Thrissur Corporation Councilor P Sukumaran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.