മാനന്തവാടി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം മുതലെടുത്ത് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകുന്ന സംഘം സംസ്ഥാനത്ത് സജീവം.
മാനന്തവാടിയിലെ ഒരു ഇൻറർനെറ്റ് കഫേയിൽനിന്ന് രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകൾ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്.
സംഭവത്തിൽ കഫേ ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങൾ അതിർത്തി ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നത്.
ബാർകോഡ് സഹിതമുള്ള അസ്സൽ സർട്ടിഫിക്കറ്റിെൻറ അതേ മാതൃകയിലാണ് വ്യാജനും നിർമിക്കുന്നത്. അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിൽക്കുന്ന ജീവനക്കാർക്ക് യാത്രക്കാരൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റിലെ ബാർകോഡ് പരിശോധിക്കാൻ സംവിധാനമില്ല.
യാത്രക്കാരുടെ സർട്ടിഫിക്കറ്റ് നോക്കി കടത്തിവിടുകയാണ് ചെയ്യുന്നത്. ചില ചെക്ക്പോസ്റ്റുകളിൽ മാമൂൽ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുമുണ്ട്. കേരള, കർണാടക, തമിഴ്നാട് അതിർത്തികൾ പങ്കിടുന്ന ജില്ലകളിലാണ് കഫേകൾ കേന്ദ്രീകരിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകുന്നത്.
സ്വകാര്യ ആശുപത്രികളിൽ 750 രൂപയാണ് ആർ.ടി.പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. ഫലം ലഭിക്കണമെങ്കിൽ 24 മണിക്കൂർ കാത്തിരിക്കണം. എന്നാൽ കഫേകളിൽ എത്തി 200 രൂപ നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ അസ്സലിനെ വെല്ലുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ കൈയിൽ കിട്ടും.
മാനന്തവാടിയിൽനിന്ന് ഇത്തരത്തിലുള്ള നൂറിലധികം സർട്ടിഫിക്കറ്റുകളാണ് പിടികൂടിയത്.
കർണാടക, തമിഴ്നാട് സർക്കാറുകൾ കൂടി സഹകരിച്ചാലേ വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാൻ കഴിയൂവെന്നതാണ് പൊലീസിനെ കുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.