നെടുമ്പാശ്ശേരി: വ്യാജ കോവിഡ് പരിശോധന സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബൂദബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് തടഞ്ഞുവെച്ചത്.
അബൂദബിയിലേക്ക് പോകാൻ രണ്ട് വാക്സിനേഷനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. എയർഇന്ത്യ എക്സ്പ്രസ് കൗണ്ടറിലെത്തിയ ഇയാൾ മൊബൈലിൽനിന്ന് സർട്ടിഫിക്കറ്റിന്റെ കോപ്പി നഷ്ടമായെന്നാണ് ആദ്യം പറഞ്ഞത്. അങ്ങനെയെങ്കിൽ യാത്രാനുമതി നൽകാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തുടർന്ന് ഏതാനും മണിക്കൂർ കഴിഞ്ഞ് ഇയാൾ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിലെ മറ്റൊരു ഏജൻസിയിലെ ജീവനക്കാരനായ ഭരത് ആണ് 2000 രൂപ വാങ്ങി സർട്ടിഫിക്കറ്റ് നൽകിയതെന്ന് വെളിപ്പെട്ടത്. ഇരുവരെയും നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. അതിനിടെ, സംഭവത്തിൽ വിമാനത്താവള കമ്പനിയും പ്രത്യേക അന്വേഷണം നടത്തും. വിമാനത്താവളത്തിനകത്ത് മറ്റു ചില സേവനങ്ങൾ യാത്രക്കാർക്കായി ചെയ്യാൻ കരാറേറ്റെടുത്ത ഏജൻസിയിലെ ജീവനക്കാരൻ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണിത്.
ഇതുവരെ ചില രാജ്യങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുമ്പെടുത്ത ആർ.ടി.പി.സി.ആർ നിർബന്ധമായിരുന്നു. ഇതിനായി പ്രത്യേക ഏജൻസിയെയും നിയോഗിച്ചിരുന്നു.
ഈ സമയത്തും വ്യാജ സർട്ടിഫിക്കറ്റ് നൽകിയിരുന്നോ എന്നതാണ് അന്വേഷിക്കുക. തട്ടിപ്പിനുപിന്നിൽ കൂടുതൽ റാക്കറ്റുകളുണ്ടോയെന്നത് പൊലീസും അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.