ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കോട്ടയം ചങ്ങനാശ്ശേരി വാഴൂർ സ്വദേശി അരുൺ പി. രവീന്ദ്രനെതിരായ കേസ് കേരള പൊലീസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയില്ല. കേന്ദ്ര മന്ത്രിമാര്‍ അടക്കം പ്രമുഖ ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദമാണ് അന്വേഷണം കൈമാറാത്തതിന് പിന്നിലെന്നാണ് സൂചന. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഒ) വ്യാജ തിരിച്ചറിയൽ കാർഡ് അടക്കം പ്രതിയിൽനിന്ന് കണ്ടെടുത്തിരുന്നു. മേയിൽ കോഴിക്കോട് െകാടുവള്ളി പൊലീസാണ് അരുണിനെ അറസ്റ്റ് ചെയ്തത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ശാസ്ത്രജ്ഞനെന്ന പേരിൽ കേന്ദ്ര മന്ത്രിമാരുടെ വസതികളിലെയും മലയാളി സംഘ് പരിവാര്‍ വൃത്തങ്ങളിലെയും പതിവ് സാന്നിധ്യമായിരുന്നു അരുണ്‍. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരുന്നതിനിടെ അറസ്റ്റിലായതിനാൽ ഇയാളുമായി ഇടപാട് നടത്തിയിരുന്ന ബി.ജെ.പി നേതാക്കളും പാർട്ടിബന്ധമുള്ള മാധ്യമപ്രവര്‍ത്തകരും കേസ് മറച്ചുവെക്കാനുള്ള തീവ്രശ്രമത്തിലാണ്.
ഡല്‍ഹിയിൽ കേരളത്തിെല ബി.ജെ.പി നേതാക്കളുമായുള്ള നിരന്തര ബന്ധത്തിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിയ തട്ടിപ്പുകളില്‍ പലതും പുറത്താകുകയും ഇവിടെ പിടിയിലാകുകയും ചെയ്യുമെന്ന് കണ്ടതോടെയാണ് കഴിഞ്ഞ നവംബറില്‍ അരുണ്‍ കേരളത്തിലേക്ക് കടന്നത്. കേന്ദ്ര മന്ത്രിയുടെ ഒൗദ്യോഗിക വസതി, കേന്ദ്ര ന്യൂനപക്ഷ കമീഷന് ആസ്ഥാനം, കേരള ഹൗസ്, ബി.ജെ.പി യുടെ മലയാള മാധ്യമങ്ങളുടെ ഡല്‍ഹി ഓഫിസുകള്‍ എന്നിവയായിരുന്നു അരുണിെൻറ താവളങ്ങള്‍. വിവാഹ വാഗ്ദാനം നൽകി ഡല്‍ഹി എയിംസിലെ നഴ്സിൽനിന്ന് അരുണ്‍ അഞ്ചു ലക്ഷം തട്ടിയെടുത്തതിനെ തുടർന്ന് നഴ്സ് കേരള പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഡല്‍ഹിയിലെ നിരവധി മാധ്യമപ്രവര്‍ത്തകരും ലക്ഷങ്ങളുടെ തട്ടിപ്പിനിരയായി. അരുണ്‍ വഴി ബന്ധുവിന് കേന്ദ്ര സര്‍ക്കാര്‍ ജോലി കിട്ടാന്‍ ഒരു മാധ്യമപ്രവര്ത്തകന് രണ്ടു ലക്ഷം രൂപ നല്കിയപ്പോള് മറ്റൊരു മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഒരു ലക്ഷത്തിെൻറ കാമറ തട്ടിയെടുത്തു.
അറസ്റ്റിന് ശേഷം രണ്ടു തവണ 14 ദിവസം വീതം കോടതി റിമാന്‍ഡ് ചെയ്തിട്ടും രാജ്യരക്ഷയെ ബാധിക്കുന്ന സുപ്രധാന വിഷയത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കേരള പൊലീസ് നടപടി എടുത്തിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിനെ സമീപിക്കുകയോ ഡല്‍ഹിയില്‍ കൊണ്ടുവന്ന് തെളിവെടുക്കുകയോ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.