കണ്ണൂർ: കണ്ണൂരിൽ 42 കള്ളവോട്ടുകളെക്കുറിച്ചുകൂടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽ കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നടന്ന കള്ളവോട്ടുകളെക്കുറിച്ച് യ ു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരെൻറ ചീഫ് ഇലക്ഷൻ ഏജൻറ് കെ. സുരേന്ദ്രനാണ് തെരഞ ്ഞെടുപ്പ് കമീഷനും ജില്ല കലക്ടർക്കും പരാതി നൽകിയത്. സ്ഥലത്തില്ലാതിരുന്ന ജില്ല കലക്ടർക്കുപകരം എ.ഡി.എം പരാതികൾ സ്വീകരിച്ചു.
42 പരാതികളിൽ 31 എണ്ണം ആൾമാറാട്ടം നടത്തി വോട്ട് ചെയ്തതിനെക്കുറിച്ചാണ്. ഇങ്ങനെ വോട്ട് ചെയ്തവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ പിണറായി ഗ്രാമപഞ്ചായത്തിലെ മുൻ അംഗമായ രജനിയാണ്. 162ാം നമ്പർ ബൂത്തിലെ വോട്ടറായ രജനി 161ാം നമ്പർ ബൂത്തിലെ സരസ്വതി എന്ന സ്ത്രീയുടെ വോട്ട് ആൾമാറാട്ടം നടത്തി ചെയ്തുവെന്നാണ് പരാതി. ആറ് സ്ത്രീകൾ നിയമവിരുദ്ധമായി ഇരട്ട തിരിച്ചറിയൽ കാർഡുകൾ കൈവശംവെക്കുന്നവരാണ്. ആറുപേരും മട്ടന്നൂർ മണ്ഡലത്തിലാണുള്ളത്.
വ്യാജ സത്യവാങ്മൂലം നൽകിയാണ് ഇവർ കാർഡുകൾ നേടിയതെന്ന് പരാതിയിൽ പറയുന്നു. ഒാരോരുത്തരുടെയും കൈവശമുള്ള രണ്ട് തിരിച്ചറിയൽ കാർഡുകളുടെയും നമ്പറുകൾ, വോട്ടർപട്ടികയിലെ ക്രമനമ്പറുകൾ, ബൂത്ത് നമ്പറുകൾ എന്നിവയുൾപ്പെടെയാണ് പരാതി നൽകിയിട്ടുള്ളത്. അഞ്ചുപേർ നിയമസഭാ മണ്ഡലങ്ങൾ മാറി വോട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ മണ്ഡലങ്ങൾ മാറിയവരുടെ ക്രമനമ്പറുകൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. ഇതിൽ രണ്ട് സ്ത്രീകൾ ഉൾെപ്പടും. ഇതുകൂടാതെ മറ്റൊരു പരാതി 18 വയസ്സ് തികയാതെ പട്ടികയിൽ പേരുചേർത്ത് വോട്ട് ചെയ്തുവെന്നതിനാണ്.
തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിലെ ഒരു പെൺകുട്ടിയാണ് ഇങ്ങനെ വോട്ട് ചെയ്തത്. കുട്ടിയുടെ സ്കൂളിൽ നിന്നുള്ള രേഖകളും ഹാജരാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തയാളെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് ബി.എൽ.ഒ ഗീതക്കെതിരെ നിയമനടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ കോൺഗ്രസ് നൽകിയ 199 കള്ളവോട്ട് പരാതികളിൽ കൂടുതൽ തെളിവുകൾ നൽകാൻ ജില്ല കലക്ടർ പരാതിക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബൂത്തുകളിലെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമീഷെൻറ കൈകളിൽ തന്നെയാണുള്ളതെന്നും ഇവ പരിശോധിച്ചാൽ നിജസ്ഥിതി വ്യക്തമാകുമെന്നും കെ. സുരേന്ദ്രൻ കലക്ടറെ അറിയിച്ചു. 54 ബൂത്തുകളിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ചാണ് പരാതി നൽകിയിരുന്നത്. 54 ബൂത്തുകളിലെയും കോൺഗ്രസ് ഏജൻറുമാരുടെ വിലാസവും ഫോൺനമ്പറും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.