തൃശൂർ: രാജ്യത്തെ മികച്ച സർവകലാശാലകളും പഠന നിലവാരവും ഭൗതിക സാഹചര്യവുമുള്ള കേരളത്തെ പിന്തുണക്കുന്നതിന് പകരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ സംസ്ഥാനത്തെ ഇകഴ്ത്തി കാണിക്കുന്നത് കേരളത്തിൻ്റെ ആത്മാഭിമാനത്തിൻ്റെ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുള്ള വിശ്വസ്ത ഏജൻസികളാണ് സർവകലാശാലകളും കലാലയങ്ങളും പരിശോധിച്ച് റാങ്ക് നൽകുന്നത്. ഇത് സംബന്ധിച്ച് വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല.
രാജ്യത്തെ മികച്ച കലാലയങ്ങളിൽ 21 ശതമാനം കേരളത്തിലാണ്. ടൈം മാസികയുടെ റാങ്കിങ്ങിൽ മികച്ച ആദ്യ 100 സർവകലാശാലയിൽ മഹാത്മാഗാന്ധി സർവകലാശാല ഉൾപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ രാജ്യത്ത് 24-ാമത് സ്ഥാനത്തുമാണ്.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത പരിഷ്കാരം സർക്കാർ നടപ്പാക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളുള്ള ലബോറട്ടറികൾ, അക്കാദമി കോംപ്ലക്സ്, ലൈബ്രറി എന്നിവ കിഫ്ബി, സർക്കാർ പ്ലാൻ ഫണ്ടുകൾ വിനിയോഗിച്ച് നിർമാണം പ്രവർത്തനങ്ങൾ നടക്കുകയാണ്.
കലിക്കറ്റ് സർവകലാശാല, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല, കുസാറ്റ് എന്നിവ നാക് അക്രഡിറ്റേഷനിൽ എ പ്ലസ് നേടി. കേരളത്തിലെ നാല് സർവകലാശാലകൾ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടം നേടി. ആദ്യ 200ൽ 42 കലാലയങ്ങൾ ഉൾപ്പെട്ടതായും മന്ത്രി പറഞ്ഞു. 16 കലാലയങ്ങൾക്ക് എ ഡബിൾ പ്ലസും 31 കലാലയങ്ങൾക്ക് എ പ്ലസും നേടാൻ കഴിഞ്ഞത് ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ, അന്തർദേശീയ തലത്തിലേക്ക് ഉയർന്നതിനുള്ള തെളിവാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.