സിക്കിമിൽ സൈനികവാഹനം മറിഞ്ഞ് മരിച്ച ജവാൻ വൈശാഖിന് നാട് കണ്ണീരോടെ വിട നൽകി. മാത്തൂർ ചെങ്ങണിയൂർ എ.യു.പി. സ്കൂൾ മൈതാനത്ത് വൈശാഖിന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ ഒരു നോക്ക് കാണാനെത്തിയത് ആയിരങ്ങൾ. ഭാര്യ ഗീതു സൈനികോദ്യോഗസ്ഥരിൽനിന്ന് വൈശാഖിന്റെ യൂണിഫോം ഏറ്റുവാങ്ങി സല്യൂട്ട് നൽകി. എല്ലാറ്റിനും സാക്ഷിയായി ഒന്നരവയസ്സുകാരനായ മകൻ തൻവിക്കും.ഇരുവരും വൈശാഖിന് അന്ത്യചുംബനം നൽകിയപ്പോൾ ആർക്കും ദു:ഖം അടക്കാനായില്ല.
കേന്ദ്രസേനയുടെയും സംസ്ഥാനസർക്കാരിന്റെയും ബഹുമതികളോടെയായിരുന്നു അന്ത്യകർമങ്ങൾ. കോയമ്പത്തൂരിൽനിന്ന് വിലാപയാത്രയായി പാലക്കാട്ടേക്ക് കൊണ്ടുവന്ന മൃതദേഹം മന്ത്രി എം.ബി. രാജേഷ്, ഷാഫി പറമ്പിൽ എം.എൽ.എ., ജില്ലാപോലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ വാളയാറിൽ ഏറ്റുവാങ്ങി. രാത്രി ഒൻപതോടെ മാത്തൂർ ചെങ്ങണിയൂർക്കാവിലെ വൈശാഖിന്റെ വീട്ടിലെത്തിച്ചു. രാത്രി വൈകിയും പ്രിയസൈനികനെ ഒരുനോക്കുകാണാൻ വൻജനാവലിയാണ് വീടിനുമുന്നിൽ തടിച്ചുകൂടിയത്.
സംസ്ഥാനസർക്കാരിനുവേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേരള പോലീസിനുവേണ്ടി ജില്ലാമേധാവി ആർ. വിശ്വനാഥും അന്ത്യോപചാരമർപ്പിച്ചു. 110 കോയമ്പത്തൂർ ടി.എ. ബറ്റാലിയൻ ലെഫ്റ്റനന്റ് കേണൽ സന്ദ്നു, 221 മീഡിയം റെജിമെന്റിലെ മേജർ പ്രമോദ്, പാലക്കാട് സൈനികക്കൂട്ടായ്മ, കരിമ്പനക്കൂട്ടം എന്നിവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കാരം നടന്നു. വെള്ളിയാഴ്ച കാലത്ത് കരസേനയുടെ ട്രക്ക് വടക്കൻസിക്കിമിലെ മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. വൈശാഖ് ഉൾപ്പെടെ 16 സൈനികരാണ് മരിച്ചത്. 2015-ൽ സേനയിലെത്തിയ വൈശാഖ് 221 കരസേനാ റെജിമെന്റിൽ നായിക്കായാണ് സേവനമനുഷ്ഠിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.