പാലാ: ജന്മനാടിെൻറ സ്നേഹച്ചൂടിലേക്ക് ഫാ. ടോം ഉഴുന്നാലിലെത്തി; നന്ദി നിറഞ്ഞ കൂപ്പുകൈകളുമായെത്തിയ പ്രിയ അച്ചെൻറ കരങ്ങൾ നാട് നെഞ്ചോടുചേർത്തു. ഒന്നരവർഷത്തെ പ്രാർഥനപൂർവമായ കാത്തിരിപ്പിനൊടുവിൽ ജന്മനാട്ടിലേക്ക് എത്തിയ ഫാ. ടോമിന് രാമപുരത്ത് വൻ വരവേൽപ്. എറണാകുളത്തുനിന്ന് വൈകീട്ട് 3.30ന് പാലാ രൂപത ആസ്ഥാനത്തേക്ക് എത്തിയ ഫാ. ഉഴുന്നാലിലിനെ പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിെൻറയും സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കെൻറയും നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് ഫാ. ടോമിെൻറ നേതൃത്വത്തിൽ ചാപ്പലിൽ കൃതജ്ഞത പ്രാർഥനക്കും സ്വീകരണത്തിനും ശേഷമായിരുന്നു നാട്ടുകാർക്കടുത്തേക്ക് അദ്ദേഹം എത്തിയത്. കൂപ്പുകൈകളോടെയെത്തിയ അദ്ദേഹത്തെ രാമപുരം ആഘോഷപൂർവം സ്വീകരിച്ചു. വൈകീട്ട് അഞ്ചിന് രാമപുരത്തെത്തിയ ടോം ഉഴുന്നാലിലിനെ സെൻട്രൽ ജങ്ഷനിൽനിന്ന് തുറന്ന ജീപ്പിൽ മാതൃ ഇടവകയായ രാമപുരം സെൻറ് അഗസ്റ്റിൻസ് ദേവാലയത്തിലേക്ക് ആനയിച്ചു. വൈദികരും കന്യാസ്ത്രീകളുമടക്കം നൂറുകണക്കിനുപേർ അകമ്പടിയേകി.
തുടർന്ന് അദ്ദേഹത്തിെൻറ മുഖ്യകാർമികത്വത്തിൽ പള്ളിയിൽ കുർബാന. ഇതിനുശേഷം സ്വീകരണ സമ്മേളനവും നടന്നു. ദൈവം ഓരോ മനുഷ്യർക്കും ഓരോ ദൗത്യം ഏർപ്പെടുത്തിയിട്ടുണ്ട്. എെൻറ ദൗത്യം നിറവേറ്റുന്നതിന് വേണ്ടിയാണ് യമനിലേക്ക് പോയത്, അവിടത്തെ പാവപ്പെട്ട ജനങ്ങൾ ഒരു ജീവിത സൗകര്യവുമില്ലാതെ വലയുകയാണ്. അവരെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു എെൻറ പ്രവർത്തനം- സ്വീകരണ സമ്മേളനത്തിൽ ഫാ. ടോം പറഞ്ഞു.
വികാരി ഡോ. ജോർജ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, സലേഷ്യൻ സഭ െപ്രാവിഷ്യൻ ഫാ. ജോണി തോണിക്കുഴി, ഫാ. അഗസ്റ്റിൻ കൂട്ടിയാനി, ജോൺ കച്ചിറമറ്റം, വൈസ് പോസ്റ്റുലേറ്റർ ഫാ. സെബാസ്റ്റ്യൻ നടുത്തടം, സാജു അലക്സ്, ജോസ് കീലത്ത്, ഫാ. ജോസഫ് മുതിരക്കാലായിൽ, ഷാജി ആറ്റുപുറം, ജോൺ മിറ്റത്താനി, സിബി കുന്നേൽ എന്നിവർ സംസാരിച്ചു.
തുടർന്ന് ഫാ. ടോം രാമപുരത്തെ കുടുംബവീട്ടിലേക്ക് എത്തി. 2014 സെപ്റ്റംബർ എട്ടിന് അമ്മയുടെ ഒാർമദിനത്തിലായിരുന്നു അദ്ദേഹം ഇതിനുമുമ്പ് കുടുംബവീട്ടിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ ബറോഡയിൽനിന്ന് മൂത്ത സഹോദരൻ യു.വി. മാത്യു, ഭാര്യ റീത്ത, സഹോദരൻ പരേതനായ അഗസ്റ്റിെൻറ ഭാര്യ റോസമ്മ, സഹോദരി മേരി എന്നിവരും വീട്ടിലെത്തിയിരുന്നു. രാമപുരത്തും സമീപത്തും താമസിക്കുന്ന ബന്ധുക്കളും ഭവനത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.