കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർഥിനിയായിരുന്ന കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്ന സി.ബി.ഐ സംഘം ബന്ധുക്കളുടെ മൊഴിയെടുത്തു. വീട്ടിലെത്തിയ സംഘം ഫാത്തിമയുടെ പിതാവ് എ. ലത്തീഫ്, മാതാവ് സജിത, സഹോദരിമാരായ അയിഷ, മറിയം, കുടുംബ സുഹൃത്തായ മുൻ മേയർ വി. രാജേന്ദ്രബാബു എന്നിവരിൽ നിന്നാണ് മൊഴിയെടുത്തത്.
ഐ.ഐ.ടിയിലെ ഒരു അധ്യാപകനെക്കുറിച്ച് ഫാത്തിമ പറഞ്ഞ പരാതികൾ സി.ബി.ഐ സംഘത്തോട് കുടുംബം വെളിപ്പെടുത്തി. മരണവിവരമറിഞ്ഞ് ചെന്നൈയിലെത്തിയപ്പോൾ ഹോസ്റ്റൽ മുറിയിൽ തോന്നിയ സംശയാസ്പദമായ കാര്യങ്ങളും ഫാത്തിമയുടെ സഹപാഠികൾ പങ്കുെവച്ച വിവരങ്ങളും വി. രാജേന്ദ്രബാബു വിശദീകരിച്ചു. രണ്ട് ദിവസം കൂടി കൊല്ലത്ത് തുടരുന്ന സി.ബി.ഐ സംഘം ഫാത്തിമയുടെ സ്കൂൾ സഹപാഠികളിൽനിന്ന് മൊഴിയെടുക്കും. നേരത്തെ വിഡിയോ കോൺഫറൻസ് വഴി ഒരു വിദ്യാർഥിനിയിൽനിന്ന് മൊഴിയെടുത്തിരുന്നു.
2019 നവംബർ ഒമ്പതിന് രാവിലെയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം ഐ.ഐ.ടിയിലെ ഒരു പ്രഫസറാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഫോണിലുണ്ടെന്നും കുറിപ്പിലുണ്ടായിരുന്നു. പരീക്ഷക്ക് മാർക്ക് കുറഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യയുടെ കാരണമെന്നായിരുന്നു ഐ.ഐ.ടി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
പൊലീസ് അന്വേഷണവും ഇതേവഴിക്ക് നീങ്ങിയതോടെയാണ് ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. നവംബർ അവസാനം കേസ് സി.ബി.ഐക്ക് കൈമാറി. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും കാരണമാണ് ബന്ധുക്കളുടെ മൊഴിയെടുക്കാൻ വൈകിയതെന്നാണ് സി.ബി.ഐ സംഘത്തിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.