അടിമാലി (ഇടുക്കി): പാറക്കെട്ടിൽനിന്നും ഇരുനൂറടിയോളം താഴേക്ക് വീണ 14കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മുട്ടുകാട് കൊങ്ങിണിസിറ്റി ബിജുവിന്‍റെ മകൻ ആദിനാഥ് (14) ആണ് രക്ഷപ്പെട്ടത്. മുട്ടുകാട് മുനിപാറയിൽ ഗുഹ കാണാൻ എത്തിയ ഏഴാം ക്ലാസ് വിദ്യാർഥി ആദിനാഥ് കാൽതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. മുനിയറകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ മാറിയുള്ള അള്ള് കാണാനായി സഹോദരനും കൂട്ടുകാർക്കുമൊപ്പം പോയതായിരുന്നു. മുനിപ്പാറയിലേക്ക് കടക്കുന്നതിന് സമീപമുള്ള അരുവിയിലെ പാറകളിലെ പായലിൽ കാൽവഴുതി പാറക്കെട്ടിലൂടെ താഴേക്ക് വീഴുകയായിരുന്നു.
500 അടിയോളം താഴ്ചയുള്ള കൊക്കയുടെ പകുതിയെത്തിപ്പോൾ പാറയിൽ പിടുത്തംകിട്ടി. സംഭവം കണ്ടുനിന്ന സഹോദരൻ സമീപത്തെ വീട്ടുകാരുടെ അടുത്തെത്തി വിവരം പറഞ്ഞു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ വലയിട്ട് കൊടുത്ത് താഴെയിറക്കി. കാലിനും തലക്കും ഉൾപ്പെടെ പരിക്കേറ്റ ആദിനാഥിനെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ.ആർ സിറ്റി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. വിവരം ലഭിച്ചതിനെ തുടർന്ന് അടിമാലിയിൽനിന്നും ഫയർ ഫോഴ്സ് യൂനിറ്റ് എത്തിയപ്പോഴേക്കും കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.