തൃശൂർ: വിയ്യൂർ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരനിൽനിന്ന് അരലക്ഷം രൂപയുടെ കറൻസി പിടിച്ചെടുത്തു. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി തളിക്കുളം സുഹൈൽ (ഓട്ടോ സുഹൈൽ) എന്ന തടവുകാരനിൽനിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച പണം പിടിച്ചെടുത്തത്. സുഹൈലിെൻറ അടിവസ്ത്രം ഊരിയെടുത്ത് പരിശോധിച്ചപ്പോഴാണ് പോളിത്തീൻ കവറിൽ നോട്ടുകൾ ചുരുട്ടി ഒട്ടിച്ച് സൂക്ഷിച്ചിരുന്നത്. മലദ്വാരത്തിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഇത് അടിവസ്ത്രത്തിൽ വീഴുകയായിരുന്നുവേത്ര.
കഴിഞ്ഞ 31ന് സുഹൈലിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരുന്നു. ഇവിടെ നിന്ന് ഇടപാടുകാർ കൈമാറിയ പണമാണ് ഇതെന്ന് പറയുന്നു. കോടതിയിലെ ശുചിമുറിയിൽ എത്തി പണം മലദ്വാരത്തിൽ ഒളിപ്പിച്ച് ജയിലിലെത്തിച്ചു. ഇവിടെ ശരീര പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. സുഹൈൽ കിടക്കുന്ന സെല്ലിൽ പത്ത് പേരുണ്ട്. ഇവിടെവെച്ച് മലദ്വാരത്തിൽനിന്ന് പണമെടുക്കുന്നത് തടവുകാരിൽ ചിലർ കണ്ടെങ്കിലും സുഹൈലിെൻറ ഭീഷണി കാരണം ഇവർ ആരോടും പറഞ്ഞില്ല.
ലഹരി, മൊബൈൽ ഫോൺ ഉപയോഗം എന്നിവ കണ്ടെത്താൻ സെല്ലുകളിൽ പരിശോധന വേണമെന്ന ജയിൽ ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് വ്യാഴാഴ്ച അസി.സൂപ്രണ്ടുമാരായ പി.അതുൽ, വി.വി.സുരേഷ്, അസി.പ്രിസൺ ഓഫിസർമാരായ അൽ അജ്, ശിവദാസൻ, തോമസ് എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.
2011ൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്നതിനിടെ തടവ് ചാടിയയാളാണ് സുഹൈൽ. മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് ജയിൽ ചാടി മുങ്ങിയ ആളാണെന്ന് അറിഞ്ഞത്. രണ്ട് മാസം മുമ്പ് ചാവക്കാട് സബ് ജയിലിൽനിന്നാണ് ഇയാളെ വിയ്യൂരിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.