വ്യത്യസ്ത മതപാരമ്പര്യങ്ങൾ തമ്മിലുള്ള തുറന്ന സംവാദങ്ങളിലൂടെ മാത്രമേ ഹിന്ദുത്വക്കെതിരായ പോരാട്ടം സാധ്യമാവുകയുള്ളൂ -ഡോ. വൈ.ടി. വിനയരാജ്

കോഴിക്കോട്: കലുഷിതമായ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഏക ദേശീയ പ്രകടനങ്ങൾ സന്നിവേശിക്കപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തെ തിരിച്ചറിയാൻ സാധിക്കണമെന്ന് ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി ഡയറക്ടർ റവ. വൈ.ടി. വിനയരാജ്. ഫലസ്തീൻ അധിനിവേശ സാഹചര്യത്തിൽ ക്രിസ്മസ് ആഘോഷം എന്നത് ക്രിസ്തുവിന്റെ ജനനം എന്ന ശിശു പെരുന്നാളിനെക്കാൾ ശിശു വധ പെരുന്നാളായാണ് മാറുന്നത്. ക്രിസ്തുവിന്റെ ജനനം തന്നെ സാമ്രാജ്യത്വത്തെ ചോദ്യം ചെയ്തു കൊണ്ടാണ്. പിന്നീടത് സാമ്രാജ്യത്വത്തിന് അടിമപ്പെട്ടു എന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് വെബ് മാഗസിനും ചേർന്ന് കോഴിക്കോട് ആസ്പിൻ കോർട്ട് യാഡിൽ വെച്ച് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ അക്കാദമിക് കോൺഫറൻസിൽ 'വ്യത്യസ്ത ദൈവശാസ്ത്ര പാരമ്പര്യങ്ങളിലെ നീതി, വിമോചനം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെഷനിൽ എഴുത്തുകാരനും ചിന്തകനുമായ ടി.പി. മുഹമ്മദ്‌ ഷമീം, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ടി. മുഹമ്മദ്‌ വേളം, സാമൂഹ്യ പ്രവർത്തകൻ ബാബുരാജ് ഭഗവതി എന്നിവരും സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ് പാനൽ ചർച്ചക്ക് നേതൃത്വം നൽകി.

വിവിധ വേദികളിലായി നടന്ന വ്യത്യസ്ത സെഷനുകളിൽ ആദിത്യ നിഗം, എം.ടി. അൻസാരി, ഡോ. മുഹമ്മദ്‌ അബ്‌ദോ, ഫരീദ് ഇസാഖ്, ശിഹാബ് പൂക്കോട്ടൂർ, നഹാസ് മാള, അഫ്രീൻ ഫാത്തിമ, സമർ അലി, സി ദാവൂദ്, താജ് ആലുവ, ഷിയാസ് പെരുമാതുറ, കെ.കെ ബാബുരാജ്, രാജൻ കെ, ഷഹീൻ കെ. മൊയ്‌ദുണ്ണി, തഫ്ജൽ ഇജാസ്, മുഹമ്മദ്‌ ഷാ, മുഹമ്മദ്‌ റാഷിദ്‌ തുടങ്ങിയവർ  സംസാരിച്ചു.

അപകോളനീകരണ ചിന്തയെ കേന്ദ്രീകരിച്ചു നടന്ന കോൺഫറൻസിൽ മലബാറിന്റെ പാഠങ്ങൾ , ഫലസ്തീൻ പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫെറൻസ് ഞായറാഴ്ച വൈകുന്നേരം സമാപിക്കും.

സമാപന സമ്മേളനം എസ്.ഐ.ഒ ദേശീയ സെക്രട്ടറി അഡ്വ. അനീസ് റഹ്‌മാൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ്‌ പി.ടി.പി. സാജിദ, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ടി. ശാക്കിർ വേളം, എസ്.ഐ.ഒ കേരള പ്രസിഡന്റ്‌ മുഹമ്മദ്‌ സഈദ് ടി.കെ തുടങ്ങിയവർ പങ്കെടുക്കും. 

Tags:    
News Summary - fight against Hinduism is possible only through open dialogue between different religious traditions -Dr. Y.T. Vinayaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.