കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തോെട ശക്തമായ ബി.ജെ.പിയിലെ ഗ്രൂപ് പോര് പരസ്യവിഴുപ്പലക്കാക്കി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിെൻറ ഫേസ്ബുക്ക് പോസ്റ്റ്. അധികാരത്തിെൻറ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാർമിക ബോധം മറക്കുന്നുവെന്നും അത് തിരിച്ചെടുക്കാന്‍ ദീനദയാലിന്റെ ഓർമകള്‍ക്ക് സാധിക്കുമെന്നുമുള്ള കുറിപ്പാണ് ചർച്ചക്കും പുതിയ പോരിനും വഴിവെച്ചത്. തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംക്ഷിക്കാതെ ദീനദയാൽ പ്രവർത്തിച്ചു. സംഘടനയും ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാെണന്നാണ് കുറിപ്പിലുള്ളത്.
നേതൃമാറ്റ ആവശ്യം സജീവമായതിനിടെ പ്രസിഡൻറ് കെ. സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ, അധികാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും അധികാരം ലഭിക്കാത്തവരാണ് ബി.ജെ.പിയിലെ ഭൂരിപക്ഷം പ്രവര്‍ത്തകരെന്നുമാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് തോൽവിയോടെ കെ. സുരേന്ദ്രനും വി. മുരളീധരനും നേതൃത്വം നൽകുന്ന ഗ്രൂപ്പിനെതിരെ പി.കെ. കൃഷ്ണദാസും എം.ടി. രമേശും നേതൃത്വം നൽകുന്ന പക്ഷം നീക്കങ്ങൾ ശക്തമാക്കിയിരുന്നു. 35-40 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയും സ്ഥാനാർഥി നിർണയത്തിലെ കൂടിയാലോചനക്കുറവും ഹെലികോപ്ടറിലെ പ്രചാരണവും രണ്ടിടത്ത് ഒരുമിച്ച് മത്സരിച്ചതുമെല്ലാമാണ് സമ്പൂർണ പരാജയം ഉറപ്പാക്കിയതെന്നായിരുന്നു ഇവരുടെ പക്ഷം. പ്രസിഡൻറ് മാറണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെച്ചു. നേതൃമാറ്റം വീണ്ടും ചർച്ചയായതിനുപിന്നാെലയാണ് രമേശിെൻറ ഒളിയമ്പ്.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രമേശിനെ ഒതുക്കാൻ മറുവിഭാഗം നേരത്തേ രംഗത്തുണ്ട്. രമേശ് മത്സരിച്ച കോഴിക്കോട് നോർത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെവരെ എത്തിച്ച് പ്രചാരണം കൊഴുപ്പിച്ചിട്ടും ആയിരത്തഞ്ഞൂറോളം വോട്ട് മാത്രമാണ് കൂടിയത്. പാർട്ടി സ്വാധീനത്തിനനുസരിച്ചുള്ള വോട്ടിവിടെ ലഭിക്കാഞ്ഞതും കുന്ദമംഗലത്ത് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ ജില്ല പ്രസിഡൻറ് വി.കെ. സജീവന് അയ്യായിരത്തോളം വോട്ട് കുറഞ്ഞതും മറുവിഭാഗം പാലംവലിച്ചതിനാലാണെന്നാണ് പരാതി. വോട്ടുമറിക്കൽ ചർച്ചയായതോെട സംസ്ഥാന പ്രസിഡൻറിെൻറ ജില്ലയായിട്ടുകൂടി സുരേന്ദ്രനെ കോഴിക്കോട്ടെ പരിപാടികളിലേക്ക് വിളിക്കുന്നില്ല. ജില്ല ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സുരേന്ദ്രന്റെ ഒപ്പമുള്ളവരെ പരിഗണിക്കാത്തത് ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.