തിരുവനന്തപുരം: ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വാങ്ങിയവയിൽ വിതരണം ചെയ്യാതെ സംസ്ഥാനത്തെ വിവിധ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന എൽ.ഇ.ഡി ബൾബുകൾ സൗജന്യമായി വിതരണം ചെയ്യാൻ നിർദേശം. കണക്ടഡ് ലോഡ് 500 വാട്ടിൽ താഴെയും പ്രതിമാസ ഉപയോഗം 30 യൂനിറ്റിൽ താഴെയുമുള്ള ഗാർഹിക ഉപഭോക്താക്കൾക്കും സർക്കാർ ആശുപത്രികൾ, അംഗൻവാടികൾ എന്നിവക്കും വിതരണം ചെയ്യാനാണ് ഡയറക്ടർ ബോർഡ് അനുമതി നൽകിയത്. പുതുതായി ഗാർഹിക കക്ഷനെടുക്കുന്നവർക്കും രണ്ട് ബൾബുകൾ സൗജന്യമായി നൽകും. കെ.എസ്.ഇ.ബി ഓഫിസുകളിലെ ആവശ്യത്തിനും ബൾബുകൾ കൈമാറും.
വിവിധ ഓഫിസുകളിലായി ഒരു ലക്ഷത്തിനടുത്ത് ബൾബുകൾ ഇനിയും വിതരണം ചെയ്യാതെ ശേഷിക്കുന്നുണ്ട്. രണ്ട് വർഷത്തോളമായി വിതരണം നടക്കാത്ത സാഹചര്യമാണ്. ഇവ ഉപയോഗകലാവധി കഴിയുന്ന ഘട്ടത്തിലേക്ക് എത്തുകയും ഓഫിസുകളിലെ സ്റ്റോറുകളിൽ സ്ഥലപരിമിതിയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് സൗജന്യ വിതരണത്തിന് നടപടി സ്വീകരിച്ചത്.
ഊർജ കേരള മിഷന്റെ നേതൃത്വത്തിലാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി കെ.എസ്.ഇ.ബി വഴി നടപ്പാക്കിയത്. ഫിലമെന്റ്, സി.എഫ്.എൽ ബൾബുകൾ പൂർണമായി ഒഴിവാക്കി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ച്, പരിസ്ഥിതി സൗഹൃദമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. പദ്ധതി നടത്തിപ്പിന് എനർജി മാനേജ്മെന്റ് സെന്റർ കേരളയും കെ.എസ്.ഇ.ബിക്കൊപ്പം കൈകോർത്തു. 14.77 ലക്ഷം ബൾബുകൾ തുടക്കത്തിൽ വിതരണം ചെയ്യാനായി. 74 കോടിയിലധികം രൂപ ഈയിനത്തിൽ വരുമാനമായി ലഭിച്ചു. അതേസമയം വിൽപന നടത്തിയ വകയിൽ 26,05,489 രൂപ കിട്ടാനുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.