ഇടിക്ക് മിന്നൽ പ്ലാനുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച ഇടിമിന്നലിനെ പ്രതിരോധിക്കാനും ദുരന്ത ലഘൂകരണത്തിനും ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ പ്രത്യേക ആക്ഷൻ പ്ലാനിന് സർക്കാറി‍െൻറ അന്തിമ അംഗീകാരം. നയപരമായ മാറ്റങ്ങൾ, മുന്നറിയിപ്പ് സംവിധാനം, ശാസ്ത്രീയ വസ്തുതകൾ, പൊതുജനങ്ങളിൽ വളർത്തേണ്ട അവബോധം തുടങ്ങി സർക്കാർ തലത്തിൽ നടത്തേണ്ട ഹ്രസ്വ-ദീർഘകാല ഇടപെടലുകളാണ് മാർഗരേഖ മുന്നോട്ടുവെക്കുന്നത്. ഇതോടെ ഇനി ഇടിമിന്നൽ ദുരന്തം നേരിടുന്നതിൽ പ്രധാന ഉത്തരവാദിത്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കായിരിക്കും. വേണ്ട സഹായം നൽകേണ്ട ചുമതല ലാൻഡ് റവന്യൂ വകുപ്പിനും.

മിന്നൽ അപകടം സംഭവിച്ചാൽ വില്ലേജ് ഓഫിസർ പരിശോധിച്ച് തഹസിൽദാറിന് റിപ്പോർട്ട് നൽകണം. തഹസിൽദാറാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകേണ്ടത്. അപകടങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് ആശ്വാസ ധനസഹായത്തിന് അർഹതയുണ്ടാകും. അപേക്ഷ പരിശോധിച്ച് കലക്ടർക്ക് നൽകേണ്ടത് വില്ലേജ് ഓഫിസർ/തഹസിൽദാർ ആയിരിക്കണം. മരിക്കുന്നവരുടെ സംസ്കാരത്തിനാവശ്യമായ സഹായം സർക്കാർ നൽകണം.

മിന്നൽ ഉണ്ടാകുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പ് എങ്കിലും മുന്നറിയിപ്പ് നൽകണം. ജാഗ്രത നിർദേശങ്ങൾ സെൽ ഫോണുകളിലേക്ക് എസ്.എം.എസായി ആയക്കണം. രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ളവർക്കെങ്കിലും മുന്നറിയിപ്പ് നൽകാൻ സാധിക്കുന്ന രീതിയിൽ സാങ്കേതിക സംവിധാനം മെച്ചപ്പെടുത്തണം. ഇടിമിന്നലിനെക്കുറിച്ച് പഠിക്കാനും മാർഗനിർദേശങ്ങൾ നൽകാനുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ 'ഇടിമിന്നൽ ഗവേഷണ സെൽ' സ്ഥാപിക്കണം.

ഉയരം കൂടിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ മിന്നൽ സുരക്ഷ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് സർക്കാർ പരിശീലനം നൽകണം. കെട്ടിടങ്ങളിൽ അഗ്നി സുരക്ഷ വകുപ്പ് ഫയർ ഓഡിറ്റ് നടത്തുമ്പോൾ മിന്നൽ സംരക്ഷണ മാർഗങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പ്രധാന സർക്കാർ ഓഫിസുകളിലെല്ലാം മിന്നൽ രക്ഷാചാലകം നിർബന്ധമായും സ്ഥാപിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും കായികവകുപ്പി‍െൻറ സ്റ്റേഡിയങ്ങളിലും ഇടിമിന്നൽ സുരക്ഷ മുൻകരുതൽ വേണം.

ഏഴ് മാസം; 96,759 അപകടം

രാജ്യത്തെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തമായാണ് ഇടിമിന്നൽ കണക്കാക്കുന്നത്. ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങൾ കാരണമുണ്ടാകുന്ന മരണങ്ങളിൽ 39 ശതമാനവും മിന്നൽ മൂലമാണെന്നാണ് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ കണക്ക്. കേരളത്തിൽ പ്രതിവർഷം ശരാശരി 71 പേർ മിന്നലേറ്റ് മരിക്കുന്നു.

2010 മുതൽ മരണനിരക്ക് ഗണ്യമായി കുറയുന്നുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുമാണ് കേരളത്തിൽ മിന്നൽ സജീവമാകുന്നത്. 2020 ഒക്ടോബർ മുതൽ 2021 ഏപ്രിൽ വരെ 96,759 മിന്നൽ അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കൂടുതൽ പത്തനംതിട്ട ജില്ലയിലാണ്; 12642.   

Tags:    
News Summary - Final approval for Lightning Disaster Mitigation Guide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.