തിരുവനന്തപുരം: സാമ്പത്തിക വർഷത്തിലെ അവസാന പ്രവൃത്തി ദിവസമായ ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം മാർച്ചിൽ വിതരണം ചെയ്തത് 26,000 കോടിയോളം രൂപ. കഴിഞ്ഞ വർഷം ഇത് 22,000 കോടിയായിരുന്നു. പദ്ധതി ചെലവ് 65 ശതമാനമാണ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലയാണിത്.
കണക്കുകൾ പൂർണമായും ലഭിച്ചാലും 10 ശതമാനത്തിൽ കൂടി വർധിക്കാൻ ഇടയില്ല. കഴിഞ്ഞ വർഷം 85.67 ശതമാനമായിരുന്നു. 2021-22ൽ 93.98 ഉം 2020-21ൽ 99.97 ശതമാനവും പൂർത്തിയാക്കിയിടത്താണ് ഈ കുറഞ്ഞ നില. കേന്ദ്ര പദ്ധതികളിലെ ചെലവും 54 ശതമാനമാണ്. കേന്ദ്ര പദ്ധതികളിലെ സംസ്ഥാന വിഹിതം നീക്കിവെക്കാൻ പണമില്ലാത്തതായിരുന്നു പ്രതിസന്ധി.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബിൽ സമര്‍പ്പിക്കാന്‍ മാര്‍ച്ച് 27 വരെ അവസരം നല്‍കിയിരുന്നു. സാങ്കേതിക കാരണങ്ങളാൽ ബിൽ മാറാതെ വന്നാൽ വരും ദിവസങ്ങളിൽ പരിഹരിക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക വർഷാവസാനമായ മാർച്ചിലെ ബില്ലുകളുടെ കുത്തൊഴുക്ക് നേരിടാൻ ട്രഷറികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നൽകുന്ന ബില്ലുകൾ മുൻഗണന അടിസ്ഥാനത്തിൽ ക്യൂവിലേക്ക് മാറ്റിയാണ് പാസാക്കിയത്. ട്രഷറി അക്കൗണ്ടുകളിൽനിന്ന് തുക പിൻവലിക്കുന്നതിനും ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
എല്ലാ മേഖലക്കും ആവശ്യമായ പണം ലഭ്യമാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്റെ കേരള വിരുദ്ധ നിലപാടുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തടസ്സപ്പെടുത്തലും ഉണ്ടായിട്ടും ഈ വര്‍ഷം അവസാന പാദത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ പൊതുചെലവ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയില്‍ നല്കിയ കേസിന്റെ പേരില്‍ അര്‍ഹതപ്പെട്ട വായ്പയും നിഷേധിക്കുന്ന സാഹചര്യമാണ് നേരിട്ടത്. 21,000 കോടിയോളം രൂപയാണ് ഇത്തരത്തില്‍ വെട്ടിക്കുറയ്ക്കപ്പെട്ടത്. വാര്‍ഷിക ചെലവും മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. സാമൂഹിക സുരക്ഷാ പെന്‍ഷനും പൊതു ചികിത്സാ സൗകര്യങ്ങള്‍ക്കും ഉള്‍പ്പടെ ഒരു കുറവും വരുത്താതിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവക്കെല്ലാം ഒപ്പം കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താന്‍ 750 കോടി രൂപയും കെ.എസ്.ആര്.ടി.സി, കെ.ടി.ഡി.എഫ്.സി, കേരള ബാങ്ക് എന്നീ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സാമ്പത്തിക കുരുക്ക് പരിഹരിക്കാന്‍ 412.5 കോടി രൂപയും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.