‘കുടിശ്ശിക സംസ്ഥാന രൂപവത്കരണം മുതലുള്ളത്’; സി.എ.ജിയിൽ വിശദീകരണവുമായി ധനമന്ത്രി

തിരുവനന്തപുരം: സി.എ.ജി കണ്ടെത്തലുകളിൽ വിശദീകരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2022 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ മൊത്തം റവന്യൂ കുടിശ്ശിക 28,258.39 കോടി രൂപ എന്നാണ് സി.എ.ജി കണ്ടെത്തൽ. ഈ കുടിശ്ശിക ജി.എസ്.ടി, ഗതാഗതം, കെ.എസ്.ഇ.ബി, രജിസ്ട്രേഷന്‍, പൊലീസ് തുടങ്ങി പല വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അനേകം വര്‍ഷങ്ങളായിട്ടുള്ള കുടിശ്ശികയാണ്. കേരളം രൂപപ്പെട്ട കാലം മുതലുള്ള കുടിശ്ശികകളാണ് ചേർെത്തഴുതിയിട്ടുള്ളത്. ഇക്കാര്യം മുന്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതാണ്. മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ കുടിശ്ശികയായിരുന്ന നികുതിവകുപ്പിന്റെ 420 കോടി രൂപ ഈ വര്‍ഷം കുറവ് വന്നിട്ടുണ്ട്. സാധാരണ നികുതി വകുപ്പിന്റെ കുടിശ്ശികകള്‍ കുറയുകയല്ല, ഓരോ വർഷവും വര്‍ധിക്കുകയാണ് പതിവ്. എന്നാല്‍ 2020-21നെ അപേക്ഷിച്ച് 2021-22ല്‍ നികുതി കുടിശ്ശികയില്‍ 420 കോടി രൂപ കുറഞ്ഞത് ചരിത്രനേട്ടമാണ്.

പുതിയ ഇനം കൂടി ചേർത്തു, അതാണ് കണക്കിൽ കൂടാൻ കാരണം

2020-2021 സാമ്പത്തികവര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 21,798 കോടി രൂപയാണ് സര്‍ക്കാറിന് മുന്നിലുണ്ടായിരുന്ന കുടിശ്ശിക. 2020-21ല്‍ നിന്ന് 2021-22ല്‍ 6400 കോടി രൂപ അധിക കുടിശ്ശിക വന്നു എന്നാണ് കണക്ക്. മുന്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു ഇനം കൂടി കുടിശ്ശികയായി ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതാണ് ഇതിനുകാരണം.

കെ.എസ്.ആര്‍.ടി.സി, ഹൗസിങ് ബോര്‍ഡ്, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 1970 മുതല്‍ നല്‍കിയ വായ്പസഹായങ്ങളുടെ ഇതുവരെയുള്ള പലിശ സഹിതം ഒരു പുതിയ ഇനമാക്കി ചേർത്തു. ഇത് 5,980 കോടി രൂപയോളം വരും.

പിരിച്ചെടുക്കാനുള്ള 5200 കോടി സ്റ്റേയിൽ

2021-22-ലെ നികുതി കുടിശ്ശിക അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരം 13,410.12 കോടി രൂപയാണ്. ഇതില്‍ നിന്ന് ഇതുവരെ 258 കോടി പിരിച്ചെടുക്കാനായി. 987 കോടി രൂപയോളം അപ്പീല്‍ തീര്‍പ്പാക്കിയതിലും ആംനസ്റ്റി പദ്ധതിയിലുമായി കുറഞ്ഞു. 13410 കോടി രൂപയില്‍ 12,900 കോടിയോളം രൂപ (96 ശതമാനം) ജി.എസ്.ടി ഇതര നിയമ പ്രകാരം നേരത്തേ നടത്തിയ കണക്കാക്കൽ പ്രകാരമുള്ളതാണ്. അതില്‍ 5200 കോടിയോളം രൂപ വിവിധ സ്റ്റേയില്‍ ഉള്‍പ്പെട്ടതും 6300 കോടി രൂപ റവന്യൂ റിക്കവറി നടപടികളിലുമാണ്.

ക്ഷേമ പെൻഷൻ: ‘ചില്ലറ’ പ്രശ്നങ്ങൾ പരിഹരിക്കും

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിഷയത്തില്‍ അക്കൗണ്ടന്റ് ജനറല്‍ പ്രധാനമായും ഉന്നയിക്കുന്നത് അനര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കി, മരണപ്പെട്ടവര്‍ക്ക് നല്‍കി, അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയില്ല തുടങ്ങിയ പ്രശ്നങ്ങളാണ്. 2023 ആഗസ്റ്റ് 31 വരെ ഗുണഭോക്താക്കളുടെ ഐഡന്റിറ്റി ആധാറുമായി ബന്ധിപ്പിച്ചും മസ്റ്ററിങ്ങിലൂടെയും മരിച്ചവരെയും ഡ്യൂപ്ലിക്കേഷനിലൂടെ വന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് മസ്റ്ററിങ്ങും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കലും നിര്‍ത്തിവെച്ചതിനാല്‍ സംഭവിച്ച ചില്ലറ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയാണ്.

ഓഡിറ്റ് നടത്തുക എന്നതും ഓഡിറ്റിലൂടെ നിരീക്ഷണങ്ങള്‍ നടത്തുക എന്നതും അക്കൗണ്ടന്റ് ജനറലിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Finance Minister with explanation in CAG Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.