ന്യൂഡൽഹി: ഉരുൾ ദുരന്തത്തിൽ വയനാടിനുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് മൗനം തുടരുന്ന കേന്ദ്ര സർക്കാർ ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാറുകൾക്കാണെന്നുപറഞ്ഞ് ബാധ്യത കൈയൊഴിഞ്ഞു. ദുരന്തവേളകളിൽ സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുത്തും ധനസഹായം നൽകിയും സംസ്ഥാനങ്ങളെ സഹായിക്കുകയെന്ന ഉത്തരവാദിത്തമാണ് കേന്ദ്രത്തിനുള്ളതെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി വ്യക്തമാക്കി.
വയനാട്ടിലും വിലങ്ങാട്ടുമുണ്ടായ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും കേന്ദ്ര സഹായം അനുവദിക്കാനും ആവശ്യപ്പെട്ട എം.കെ. രാഘവൻ എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി സാമ്പത്തിക സഹായത്തെക്കുറിച്ച് മൗനം പാലിച്ച് തങ്ങളുടെ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് അവകാശപ്പെട്ടത്. ദുരിതാശ്വാസത്തെക്കുറിച്ച വിവരണമുള്ള മന്ത്രിയുടെ മറുപടിയിൽ പുനരധിവാസത്തെയും അതിനുവരുന്ന സാമ്പത്തിക ബാധ്യതയെയും കുറിച്ച് ഒന്നും പറഞ്ഞതുമില്ല.
ചില സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വയനാടിന്റെ പുനർനിർമാണത്തിനായും പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആഗസ്റ്റ് ആറിന് രാഘവൻ ലോക്സഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ, 12 പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നാണ് ഇരകൾക്ക് ധനസഹായം നൽകേണ്ടതെന്ന് കേന്ദ്രം കത്തിൽ പറയുന്നു. അതേസമയം, കനത്ത ദുരന്തമുണ്ടായാൽ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ (എൻ.ഡി.ആർ.എഫ്) നിന്ന് സാമ്പത്തിക സഹായം നൽകും.
കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സമിതി (ഐ.എം.സി.ടി) സന്ദർശിച്ച് ദുരന്തത്തിന്റെ കണക്കെടുപ്പ് നടത്തിയാണ് സഹായം നൽകുക. വയനാട് ദുരന്തത്തിനുശേഷം സംസ്ഥാന സർക്കാറിന്റെ നിവേദനത്തിന് കാത്തുനിൽക്കാതെ ഇത്തരമൊരു സമിതിക്ക് കേന്ദ്രം രൂപം നൽകിയെന്നും പ്രദേശം സന്ദർശിച്ച് ചട്ടപ്രകാരമുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.