തിരുവനന്തപുരം: അതി സുരക്ഷ പ്രാധന്യമുള്ള തെരഞ്ഞെടുപ്പ് അടുത്തെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പൊലീസിന് പുതിയ വയർലെസ് സെറ്റുകൾ നിഷേധിച്ച് ആഭ്യന്തര വകുപ്പ്.
തെരഞ്ഞെടുപ്പ് സുരക്ഷക്കായി കേരള പൊലീസിന് ആധുനിക ഡിജിറ്റൽ വയർലെസ് സെറ്റ് ആവശ്യപ്പെട്ട് പൊലീസ് മേധാവി കത്ത് നൽകിയിരുന്നു. അത്രയും തുക അനുവദിക്കാൻ സാധിക്കാത്തതിനാൽ പഴയ സെറ്റുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനുള്ള തുകയാണ് അനുവദിച്ചത്.
പോളിങ് ബൂത്തുകള്‍ക്കും പോളിങ്ങിനുശേഷം വോട്ടുയന്ത്രം സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍ക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും സുരക്ഷ ഒരുക്കേണ്ടതായ ചുമതല പൊലീസിനാണ്. ഈ സാഹചര്യത്തിൽ സേനയുടെ ആശയവിനിമയ സംവിധാനം കാര്യക്ഷമമാക്കാനാണ് അത്യാധുനിക ഡിജിറ്റില്‍ വയർലെസ് സെറ്റുകൾ ആവശ്യപ്പെട്ടത്. ആവശ്യം നിഷേധിച്ചതിനെ തുടർന്ന് പഴയ വയർലെസ് സെറ്റുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നതു സംബന്ധിച്ച് പുതിയ റിപ്പോർട്ട് ഡി.ജി.പി ആഭ്യന്തര വകപ്പിന് നൽകി.
സാങ്കേതിക തകരാർ മൂലം നിരവധി വയര്‍ലെസ് സെറ്റുകള്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സ്റ്റോറില്‍ ഉപയോഗശൂന്യമായി കിടക്കുന്നതായി ഡി.ജി.പി അറിയിച്ചു. ഡിജിറ്റില്‍ സെറ്റുകളേക്കാള്‍ അനലോഗ് സെറ്റുകള്‍ക്കാണ് ഗുണമേന്മയെന്നും പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണിയിലൂടെ 560 സെറ്റുകള്‍ ഉപയോഗപ്രദമാക്കാമെന്നാണ് കണ്ടെത്തിയത്.
പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭയന്തര വകുപ്പ് 16 ലക്ഷം രൂപ അനുവദിച്ചു. ഇന്ധന കുടിശ്ശിക ഉൾപ്പെടെ ഡി.ജി.പിയുടെ 57 കോടിയുടെ ആവശ്യത്തിന്മേൽ ആഭ്യന്തര വകുപ്പ് 26 കോടി രൂപ അനുവദിച്ചത് അടുത്തിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.