തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം സ്തംഭിച്ചു. റേഷൻ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ ട്രാൻസ്പോർട്ടിങ് കരാറുകാർക്ക് നൽകേണ്ട 150 കോടിയോളം രൂപ സർക്കാർ നൽകാത്ത സാഹചര്യത്തിൽ മാർച്ച് മാസത്തിലെ ഭക്ഷ്യധാന്യങ്ങൾ എഫ്.സി.ഐയിൽ നിന്നും മില്ലുകളിൽ നിന്നും ഏറ്റെടുക്കേണ്ടതില്ലെന്ന് ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ യോഗം തീരുമാനിച്ചു. കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സംഭരണവും വിതരണവും നടത്തുന്നതിന് പ്രതിമാസം ഗതാഗത കൈകാര്യ ചെലവിനത്തില്‍ കരാറുകാര്‍ക്ക് സർക്കാർ നൽകേണ്ടത് 26-30 കോടിയാണ്. ഇതിൽ 10 ശതമാനം ഓഡിറ്റ് പൂർത്തിയാകുന്ന മുറക്ക് നൽകുകയാണ് പതിവ്. ബാക്കിയുള്ള 90 ശതമാനമാണ് കരാറുകാർക്ക് ഗതാഗത കൈകാര്യ ചെലവിനത്തിൽ സർക്കാർ നൽകിവരുന്നത്. എന്നാൽ, 2021 മുതൽ നാളിതുവരെ ഈ 10 ശതമാനം തുക സർക്കാർ കരാറുകാർക്ക് നൽകിയിട്ടില്ല.
ഫെബ്രുവരിയിൽ ഈ തുക നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. ഇതിനു പുറമെയാണ് ഡിസംബർ പകുതി മുതൽ ഫെബ്രുവരിവരെ റേഷൻകടകളിൽ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ 80 കോടിയോളം രൂപ കരാറുകാർക്ക് നൽകാനുള്ളത്.പണം ലഭിക്കാതായതോടെ, ചുമട്ടുതൊഴിലാളികൾ, വാതിൽപ്പടി വിതരണം നടത്തുന്ന മേഖലയിലെ ഇറക്കുതൊഴിലാളികൾ, വാഹനങ്ങൾക്ക് ഇന്ധനം നൽകുന്ന പമ്പുടമകൾ, വാഹനം ഓടിക്കുന്ന ഡ്രൈവർമാർ എന്നിവർക്ക് മാസങ്ങളായി പണം നൽകാൻ സാധിച്ചിട്ടില്ല. ബാങ്ക് വായ്പയെടുത്താണ് പലരും വാതിൽപ്പടി വിതരണം മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, ധനവകുപ്പ് പണം അനുവദിക്കാതെ വന്നതോടെ, കരാറുകാരിൽ ഭൂരിഭാഗവും ജപ്തി ഭീഷണിയിലാണ്. പല കരാറുകാർക്ക് മുന്നുകോടി മുതൽ അഞ്ചുകോടി വരെയാണ് സർക്കാർ നൽകാനുള്ളത്. കരാറുകാർ റേഷൻ എടുക്കാതായതോടെ ഫെബ്രുവരിയിലെ ഭക്ഷ്യധാന്യങ്ങളാണ് നിലവിൽ സംസ്ഥാനത്തെ റേഷൻ കടകളിലുള്ളത്. 90 ശതമാനം കടകളിലും ചാക്കുകൾ കാലിയായിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.