തിരുവനന്തപുരം: ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്നോട്ടുവെച്ച പരിഹാര ചർച്ചയിൽ സംസ്ഥാനം പ്രധാനമായും പ്രതീക്ഷ വെക്കുന്നത് വായ്പപരിധിയിലെ ഇളവിൽ. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകളെ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിൽ ഉൾപ്പെടുത്തിയ നടപടിയിലാണ് വിട്ടുവീഴ്ച പ്രതീക്ഷിക്കുന്നത്. ഇതുവഴി 10,000 കോടി വായ്പയെടുക്കാനാകും. ഇതിനു പുറമേ, ഒരു ശതമാനം കൂടി അധിക വായ്പയെടുക്കലിന് അനുമതി തേടും. ഇത് അംഗീകരിച്ചാൽ 13,000 കോടി കൂടി സംസ്ഥാനത്ത് കടമെടുക്കാൻ വഴിതുറക്കും. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് 4500 കോടി വായ്പക്ക് സംസ്ഥാനത്തിന് അർഹതയുണ്ട്. ഇക്കാര്യം കേരളം പലവട്ടം ഉന്നയിച്ചിട്ടും അനുവദിച്ചിട്ടില്ല. വ്യാഴാഴ്ചയിലെ ചർച്ചയിൽ വീണ്ടും വിഷയമുന്നയിക്കും. ഇതടക്കം മൂന്ന് ആവശ്യങ്ങൾക്കും കേന്ദ്രം പച്ചക്കൊടി കാട്ടിയാൽ കണക്ക് പ്രകാരം 27,500 കോടിയാണെങ്കിലും ചുരുങ്ങിയത് 20,000 കോടിയുടെ കടമെടുപ്പിന് വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്.
അർഹമായ കടമെടുപ്പ് പരിധിയിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടച്ച് കഴിച്ചാൽ അത്രയും തുക വീണ്ടും വായ്പയെടുക്കാം (റീപ്ലെയിസ് ബോറോയിങ്). ഇത്തരത്തിൽ 2000 കോടി രൂപയുടെ പുനർവായ്പക്ക് അനുമതി തേടിയെങ്കിലും കേന്ദ്രം ഇനിയും അനുവാദം നൽകിയിട്ടില്ല. ഈ തുകയുടെ കാര്യവും ഉന്നയിച്ചേക്കും. ഡൽഹിയിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചർച്ചയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് പങ്കെടുക്കുക. ധനമന്ത്രി ബജറ്റ് ചർച്ച പൂർത്തിയാക്കി ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചു.
സംസ്ഥാനം ഉന്നയിച്ച വിഷയങ്ങൾ സുപ്രീംകോടതി ഗൗരവമായിതന്നെ പരിഗണിച്ചുവെന്നതാണ് ചർച്ച നിർദേശത്തിൽനിന്ന് വ്യക്തമാകുന്നതെന്നാണ് സർക്കാർ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.