തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ വ്യാജ വാട്സ്ആപ് ഉപയോഗിച്ച് കൊല്ലം സ്വദേശിനിയിൽനിന്ന് പണം തട്ടിയ കേസിൽ അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചു.
ഡൽഹിയിലെ ലക്ഷ്‌മി നഗർ, ഉത്തംനഗർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഓൺലൈൻ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയിൽനിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തത്. നികുതിയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ വ്യാജ വാട്സ്ആപ്പിൽനിന്ന് അധ്യാപികക്ക് സന്ദേശം വന്നിരുന്നു.
ഇതിനെതുടർന്നാണ് ഇവർ പണം നൽകിയത്. അസം സ്വദേശിയുടെ പേരിലെടുത്ത കണക്ഷൻ മുഖേനയാണ് ഇത്തരത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രതികൾ വാട്സ്ആപ് സന്ദേശമയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഡൽഹിയിലുണ്ടെന്ന സൂചന ലഭിച്ചത്. മൊബൈൽ ടവർ, കോൾ രജിസ്റ്റർ എന്നിവയെ പിന്തുടർന്നാണ് സൈബർ പൊലീസ് ഡിവൈ.എസ്.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.