ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പരാതിക്കാരെ വിളിപ്പിച്ച് പൊലീസ്

തൃശൂർ: ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പരാതിക്കാരെ വിളിപ്പിച്ച് പൊലീസ്. തിങ്കളാഴ്ച അസി. കമീഷണർ ഓഫിസിലെത്താനാണ് നിർദേശം. കേസന്വേഷണം ഇഴയുന്നത് ചൂണ്ടിക്കാട്ടി മന്ത്രി കെ. രാജൻ മുഖേന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച നടപടികളും അറിയിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.

ഇതിനിടെ പ്രതികളുടെ അറസ്റ്റ് ജനുവരി 30 വരെ ഹൈകോടതി തടഞ്ഞു. വെള്ളിയാഴ്ച ഇവരുടെ മുൻകൂർ ജാമ്യഹരജി പരിഗണിച്ചപ്പോൾ, കേസ് കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്നും വിശദ പഠനത്തിന് സമയം വേണമെന്നുമുള്ള പ്രോസിക്യൂട്ടറുടെ ആവശ്യത്തെ തുടർന്ന് ജാമ്യാപേക്ഷ 30ലേക്ക് കോടതി മാറ്റുകയായിരുന്നു.

അതുവരെ പ്രതികളായ ധനവ്യവസായ ബാങ്ക് മാനേജിങ് പാർട്ണർ ജോയ് ഡി. പാണഞ്ചേരി, റാണി ജോയ് പാണഞ്ചേരി എന്നിവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 60ലധികം പരാതികളെത്തിയതിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ നടപടികളിലേക്ക് കടന്നത് ഒരു പരാതിയിൽ മാത്രമാണ്.

പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണ സംഘങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും അന്വേഷണ ഘട്ടത്തിലേക്ക് കടന്നിട്ടില്ല. നിക്ഷേപകർ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയനുസരിച്ച് എ.സി.പിയുമായുള്ള ചർച്ചക്ക് ശേഷം സമരപരിപാടികളിലേക്ക് കടക്കും. 200 കോടിയോളം തട്ടിയെടുത്തെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Financial industry bank fraud case: Complainants were called by the police on the instructions of the chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.