കൊച്ചി: വിവരാവകാശ അപേക്ഷക്ക് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ കെ.എസ്.ആർ.ടി.സ ി ഉന്നതോദ്യോഗസ്ഥൻ 10,000 രൂപ പിഴയടക്കാൻ സംസ്ഥാന വിവരാവകാശ കമീഷണറുടെ ഉത്തരവ്. ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി ഡി.ബി. ബിനുവിെൻറ പരാതിയിൽ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിലെ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസറായിരുന്ന കെ. ചന്ദ്രമോഹനെതിരെയാണ് നടപടി.
കെ.എസ്.ആർ.ടി.സി എന്ന ബ്രാൻഡ് നെയിം കർണാടക കോർപറേഷന് അനുവദിച്ച ഉത്തരവിനെതിരെ കേരള കോർപറേഷൻ സമർപ്പിച്ച അപ്പീലിെൻറയും അപ്പീലിന്മേൽ അതോറിറ്റി എടുത്ത തീരുമാനത്തിെൻറയും പകർപ്പ്, ട്രേഡ്മാർക്ക് നിയമപ്രകാരം യഥാസമയം ബ്രാൻഡ് നെയിം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകാത്തതിെൻറ പേരിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതിെൻറ രേഖകളുടെ പകർപ്പ്, നിലവിൽ ബ്രാൻഡ് നെയിം ഉപയോഗിക്കാൻ കേരള കോർപറേഷന് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ് എന്നിവയാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്.
എന്നാൽ, ഈ വിവരങ്ങൾ ബൗദ്ധിക വിഭാഗത്തിൽപെട്ടവയായതിനാലും തർക്കവിഷയമായതിനാലും കോർപറേഷെൻറ ഉത്തമതാൽപര്യത്തെ ബാധിക്കുന്നതായതിനാലും നൽകാനാവില്ലെന്നായിരുന്നു സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസറുടെ മറുപടി. സാധ്യമായ വിവരങ്ങൾ അപേക്ഷകന് നൽകിയിട്ടുണ്ടെന്ന നിലപാടിലായിരുന്നു കോർപറേഷൻ. ഇതിനെതിരെയാണ് സംസ്ഥാന കമീഷനെ സമീപിച്ചത്. 30 ദിവസത്തിനകം പിഴയടച്ച് വിവരം രേഖാമൂലം കമീഷൻ സെക്രട്ടറിയെ അറിയിക്കണമെന്നും അല്ലാത്തപക്ഷം തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥെൻറ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.