കൊച്ചി: ഓരോ ആരാധനാലയത്തിലെയും സാഹചര്യം കണക്കിലെടുത്ത് വെടിക്കെട്ടിനുള്ള സമയക്രമം സർക്കാറിനുതന്നെ തീരുമാനിച്ച് അനുമതി നൽകാനാകുമെന്ന് ഹൈകോടതി. ആരാധനാലയങ്ങളിൽ അസമയത്ത് കരിമരുന്ന് പ്രയോഗം വിലക്കി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കിയുള്ള ഇടക്കാല ഉത്തരവിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
രാത്രി പത്തുമുതൽ രാവിലെ ആറുവരെ വെടിക്കെട്ടിന് നിരോധനമുണ്ടെങ്കിലും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഇളവ് നൽകാൻ സർക്കാറിനാവുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതായി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവർ വ്യക്തമാക്കി. ആരാധനാലയങ്ങളിൽ അസമയത്ത് കരിമരുന്ന് പ്രയോഗം പാടില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
അതേസമയം, എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള സിംഗിൾബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇത്തരത്തിൽ പരാതി ആരും ഉന്നയിച്ചിരുന്നില്ലെന്ന് സർക്കാർ വാദിച്ചിരുന്നു.
മരടിലെ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ടുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് അസമയത്തെ വെടിക്കെട്ട് നിരോധിച്ച് കഴിഞ്ഞയാഴ്ച ഉത്തരവിട്ടത്. ഹരജിക്കു പുറത്തുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്നായിരുന്നു സർക്കാർ അപ്പീലിലെ വാദം. ഇത് കോടതി ശരിവെച്ചു.
അസമയം ഏതെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ലെന്നും ഇഷ്ടാനുസരണം അസമയം വ്യാഖ്യാനിക്കാൻ ഇടയാക്കുന്നതാണ് ഉത്തരവെന്നും സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.