ബ്യൂട്ടീഷൻ കോഴ്സ് ഫീ തിരികെ നൽകിയില്ല; സ്ഥാപനം മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കൊച്ചി: കോവിഡ് സാഹചര്യത്തിൽ സൗന്ദര്യ വർധക കോഴ്സ് പാതിവഴിയിൽ അവസാനിപ്പിച്ച കൊച്ചിയിലെ പരിശീലന സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്കപരിഹാര കോടതി. തൃശ്ശൂർ വലപ്പാട് സ്വദേശിനി സെബ സലീമിന് 3,39,329 രൂപ നൽകണമെന്നാണ് വിധി.

കൊച്ചിയിലെ വി.എൽ.സി.സി ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലാണ് 2021 ജനുവരിയിൽ ശരീരഭാരം കുറയ്ക്കൽ, ബ്യൂട്ടീഷ്യൻ എന്നീ കോഴ്സുകൾക്കായി 1,17,329 രൂപ ഫീസ് നൽകി ചേർന്നത്. മാർച്ചിൽ മറ്റൊരു കോഴ്സ് കൂടി തിരഞ്ഞെടുത്ത് 1,62,000 രൂപ ഫീസ് നൽകി. ഇതിനിടെ വിദ്യാർഥിനിക്ക് കോവിഡ് ബാധിക്കുകയും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതായി. ഇതോടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു.

കോവിഡിനെ തുടർന്ന് സ്ഥാപനം പിന്നീട് അടച്ച സാഹചര്യത്തിൽ ക്ലാസുകൾ പുനരാംഭിക്കാൻ കാലതാമസം നേരിടുമെന്നതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും കോഴ്സ് തുടരേണ്ടെന്ന് തീരുമാനിക്കുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ റീഫണ്ട് ആവശ്യം നിരസിച്ച പരിശീലന സ്ഥാപനം, ബന്ധുവിനോ സുഹൃത്തിനോ ബദലായി കോഴ്സ് വാഗ്ദാനം ചെയ്യുകയാണുണ്ടായത്.

ഇത് നിരസിച്ച വിദ്യാർഥിനി എറണാകുളം ജില്ല ഉപഭോക്‌തൃ തർക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കോവിഡ് കാരണം പരിശീലകരുടെ അഭാവവും സർക്കാർ മാർഗനിർദേശവും പരിഗണിച്ചാണ് കോഴ്സ് താത്കാലികമായി നിർത്തിയത് എന്നാണ് സ്ഥാപനം അറിയിച്ചത്.

കമ്മിഷൻ പ്രസിഡന്‍റ് ഡി.ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നൽകിയത്. കോഴ്സ് ഫീസായി ഈടാക്കിയ 2,79,329 രൂപ തിരികെ നൽകാനും കൂടാതെ 60,000 രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളിൽ നൽകാൻ ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - firm was ordered to pay compensation of Rs for not refunding beautician course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.