തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണയും പിന്നാക്കസംവരണത്തെ പിറകിലാക്കി മുന്നാക്കസംവരണം. കഴിഞ്ഞവർഷം ആദ്യമായി മുന്നാക്കസംവരണം നടപ്പാക്കിയപ്പോൾ ഉയർന്ന പ്രശ്നം ഇൗ വർഷവും ആവർത്തിക്കുകയായിരുന്നു.
മുന്നാക്ക സംവരണത്തിന് തയാറാക്കിയ 2478 പേരുടെ പട്ടികയിലെ 1594ാം സ്ഥാനത്തുള്ളയാൾക്കും സർക്കാർ കോളജിൽ ആദ്യ അലോട്ട്മെൻറിൽ തന്നെ സീറ്റ് ഉറപ്പായി. 7972 പേർ അടങ്ങിയ ഇൗഴവ കാറ്റഗറി പട്ടികയിൽ 2100ാം സ്ഥാനത്തുള്ളയാൾക്കാണ് ഒമ്പത് സർക്കാർ, മൂന്ന് എയ്ഡഡ് കോളജുകളിലായി ഇത്തവണ അവസാന അലോട്ട്മെൻറ് ലഭിച്ചത്. 9229 പേർ ഉൾപ്പെട്ട മുസ്ലിം കാറ്റഗറി പട്ടികയിലെ 2040ാം സ്ഥാനക്കാരനുവരെ മാത്രമാണ് ആദ്യ അലോട്ട്മെൻറിൽ അവസരം ലഭിച്ചത്.
സർക്കാർ, എയ്ഡഡ് കോളജുകളിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്ക് 5199 ആണ്. മുന്നാക്കസംവരണത്തിൽ ഇത് 14562ഉം ഇൗഴവ സംവരണത്തിൽ 8298ഉം മുസ്ലിം വിഭാഗത്തിൽ 7085ഉം ആണ്. പിന്നാക്ക ഹിന്ദു വിഭാഗത്തിൽ ഇത് 10096 ആണ്. ഏറ്റവും ഡിമാൻഡുള്ള കമ്പ്യൂട്ടർ സയൻസിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്ക് 1106 ആണ്. മുന്നാക്കസംവരണ വിഭാഗത്തിൽ 9745ഉം ഇൗഴവയിൽ 4983ഉം മുസ്ലിംവിഭാഗത്തിൽ 3241ഉം പിന്നാക്ക ഹിന്ദുവിൽ 5542 ഉം റാങ്കുകളും.
മെക്കാനിക്കൽ ബ്രാഞ്ചിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്ക് 6029 ഉം മുന്നാക്കസംവരണത്തിൽ 26899ഉം ഇൗഴവയിൽ 12932ഉം മുസ്ലിം വിഭാഗത്തിൽ 9969ഉം പിന്നാക്ക ഹിന്ദുവിൽ 16315 ഉം ആണ്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലും സ്ഥിതി സമാനം തന്നെ.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന (എസ്.ഇ.ബി.സി) സംവരണവിഭാഗങ്ങളെ അപേക്ഷിച്ച് റാങ്കിൽ ഏറെ പിറകിൽ നിൽക്കുന്ന മുന്നാക്കവിഭാഗത്തിന് പോലും ആദ്യ അലോട്ട്മെൻറിൽ തന്നെ സീറ്റ് ഉറപ്പാക്കുന്ന രീതിയിലായി ക്രമീകരണം. രണ്ടാം അലോട്ട്മെേൻറാടുകൂടി മുന്നാക്കസംവരണത്തിനുള്ള കാറ്റഗറി പട്ടികയിലെ എല്ലാവർക്കും സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത കോളജുകളിൽ സീറ്റ് ഉറപ്പാകുമെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.