തിരുവനന്തപുരം: സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അടുത്ത അധ്യയന വർഷവും അഞ്ചു വയസ്സിൽ തന്നെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണ്. എന്നാൽ സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ട്. പുതിയ അധ്യയന വർഷവും അഞ്ച് വയസ്സിൽ തുടർന്നശേഷം വ്യക്തത വരുത്തി തുടർനടപടി സ്വീകരിക്കും.
സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ അഞ്ച് വയസ്സ് പൂർത്തിയാകുന്ന കുട്ടികൾക്ക് പ്രവേശനം നൽകുന്ന രീതി തുടരും. സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രവേശന പ്രായം സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ട്. ഇത് തീർപ്പാകുന്ന മുറക്ക് ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസ്സാക്കാനുള്ള തീരുമാനം കേന്ദ്രസമിതിയുടേതാണെന്നും സംസ്ഥാന സർക്കാറിന് ഇതിൽ നിർദേശം നൽകാനാകില്ലെന്നും ഡയറക്ടർ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കി ഉയർത്തിയാൽ കുട്ടികളില്ലാത്ത അവസ്ഥ വരും. ഇത് പരിഗണിച്ചേ നടപടി സ്വീകരിക്കാനാകൂ. ജൂൺ ഒന്നിന് തന്നെ പ്രവേശനോത്സവത്തോടെ സ്കൂളുകൾ തുറക്കുമെന്നും അതിന് മുമ്പായി പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.