കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ മൂന്നിന് രാവിലെ 10.30ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് ക്യാമ്പ്. സംസ്ഥാനത്തുനിന്നുള്ള ആദ്യ ഹജ്ജ് വിമാനം കണ്ണൂരിൽനിന്ന് ഞായറാഴ്ച പുലർച്ച 1.45ന് പുറപ്പെടും. 145 തീർഥാടകരുള്ള ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. പിറ്റേന്ന് രാവിലെ 8.30ന് കോഴിക്കോട്ടും ഏഴിന് രാവിലെ 11ന് കൊച്ചിയിലും ഫ്ലാഗ് ഓഫ് നടക്കും.
കണ്ണൂരിലെ ചടങ്ങിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാവും. ജൂൺ മൂന്നിന് വൈകീട്ട് നാലിന് കോഴിക്കോട് ഹജ്ജ് ഹൗസ് വനിത ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. കരിപ്പൂർ ക്യാമ്പ് ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. കോഴിക്കോട്ടുനിന്നുള്ള ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. കൊച്ചി ക്യാമ്പ് ഉദ്ഘാടനം ജൂൺ ആറിന് വൈകീട്ട് മൂന്നിന് മന്ത്രി പി. രാജീവ് നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാവും. കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഹജ്ജ് വിമാനം. മൂന്നിടത്ത് ഹജ്ജ് ക്യാമ്പും ആദ്യം. ക്യാമ്പുകളിൽ ഒരുക്കം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.