തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രമാർഗമുള്ള ചരക്ക് നീക്കത്തിൽ പുതിയ അധ്യായം കുറിച്ച് തീരമണഞ്ഞ കൂറ്റൻ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്ക് വിഴിഞ്ഞം തീരത്ത് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം.
ജൂൺ 22ന് ഹോങ്കോങ്ങിൽനിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് ‘സാൻ ഫെർണാൺഡോ വിഴിഞ്ഞത്തെത്തിയത്. നാല് ടാഗ്ഷിപ്പുകളുടെ നേതൃത്വത്തിൽ കപ്പലിനെ സുഗമമായി ബർത്തിലേക്ക് അടുപ്പിച്ചു. കപ്പൽ ബർത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേർത്തു നിർത്തുന്ന മൂറിങ് എന്ന പ്രവൃത്തിയും പൂർത്തിയാക്കി.
തുറമുഖ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മന്ത്രി ജി.ആർ. അനിൽ, എം. വിൻസെന്റ് എം.എൽ.എ, തുറമുഖ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ, അദാനി പോർട്സ് സ്പെഷൽ ഇക്കോണമിക് സോൺ സി.ഇ.ഒ അശ്വനി ഗുപ്ത, അദാനി പോർട്സ് സി.ഇ.ഒ പ്രണവ് ചൗധരി, വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിച്ചു. കപ്പലിന്റെ ക്യാപ്റ്റൻമാരായ തുഷാർ, നിർമൽ സഖറിയ, സിബി ഫ്രാൻസിസ് എന്നിവരെ ഹാരമണിയിച്ചു. സന്തോഷം പങ്കുവെച്ച് മന്ത്രി വി.എൻ. വാസവൻ മറ്റു മന്ത്രിമാർക്കും ഉദ്യേഗസ്ഥരടക്കമുള്ളവർക്കും മധുരം നൽകി. കപ്പലിൽനിന്ന് കണ്ടെയ്നറുകളുടെ നീക്കവും ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് കപ്പലിന് ഔദ്യോഗിക സ്വീകരണചടങ്ങും ട്രയൽ ഓപറേഷനും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കും. തുറമുഖം കമീഷൻ ചെയ്യുംമുമ്പ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കമുള്ള എല്ലാ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് കണ്ടെയ്നർ ഷിപ് എത്തിച്ചത്. മൂന്നുമാസത്തിനകം തുറമുഖം കമീഷൻ ചെയ്യാനാണ് സർക്കാർ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.