കോഴിക്കോട്: വിദ്യാർത്ഥികളുടെ മക്കൾക്കായി കോളജിനുള്ളിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഡേ കെയർ സെന്റർ തുറന്ന് കോഴിക്കോട് ഗവ. ലോ കോളജ് . കുട്ടികൾ ജനിക്കുന്നതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നവർക്കും പാതി വഴിയിൽ അവസാനിപ്പിച്ചവർക്കും വീണ്ടും ക്ലാസ് മുറികളിലേക്കെത്താൻ അവസരം നൽകുകയാണ് ഈ കലാലയം.
3 വിദ്യാർത്ഥികൾ ചേർന്നാണ് ഇത്തരമൊരാശയം അധ്യാപകനായ ഡോ. പി.ലോവൽമാന് മുന്നിൽ അവതരിപ്പിച്ചത്. പഠിക്കാനുള്ള ആ നിശ്ചയദാർഢ്യത്തിന് കോളജ് സ്റ്റാഫ് കൗൺസിൽ പിന്തുണ നൽകുകയായിരുന്നു. അസി. പ്രഫസറായ സി.സി.ജോസഫ് ഡേ കെയർ സെന്ററിന്റെ ചുമതല ഏറ്റെടുത്തു. എൻ.സി.സി ഓഫിസിനോടു ചേർന്ന ചെറിയ മുറിയിലാണ് ഡേ കെയർ സെന്‍റർ ആരംഭിച്ചിരിക്കുന്നത്. ഊഞ്ഞാലുകളും കട്ടിലുകളും കളിപ്പാട്ടങ്ങളും ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ നോക്കാനായി ആയയെയും നിയമിച്ചു. അമ്മമാർ നിയമം പഠിക്കുമ്പോൾ ആയയായ ഉഷ കുട്ടികളെ പരിപാലിക്കും. ഇടവേളകളിൽ അമ്മമാർ കുട്ടികൾക്കരിലേക്കും എത്തും.വിദ്യാർഥികളുടെ മാത്രമല്ല അദ്യാപകരുടെ കുട്ടികളും ഇവിടേക്ക് എത്തിയിട്ടുണ്ട്.
ഡേ കെയർ സെന്ററിന്‍റെ ചിലവുകൾക്കായി കോളേജ് അധികൃതർക്കൊപ്പം പിടിഎയും സഹായവുമായെത്തി. കോളജിന്റെ പദ്ധതിവിഹിതത്തിൽ നിന്നു ഫണ്ട് അനുവദിക്കാനുള്ള നിർദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിനു സമർപ്പിച്ചിട്ടുണ്ടെന്നു പ്രിൻസിപ്പൽ ഡോ. എൻ.കൃഷ്ണകുമാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ഡേ കെയർ സെന്റർ ഉദ്ഘാടനം ചെയ്തത്. രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.