തിരുവനന്തപുരം: രുചിയൂറും മത്സ്യവിഭവങ്ങളുമായി മത്സ്യഫെഡിന്റെ ‘സീഫുഡ്’ റസ്റ്റാറന്റുകൾ വരുന്നു. ഒരു വർഷത്തിനകം എല്ലാ ജില്ലകളിലും ഭക്ഷണശാലകൾ തുറക്കുകയാണ് ലക്ഷ്യം. ആദ്യത്തേത് അടുത്തമാസം കോവളത്തും രണ്ടാമത്തേത് മൂന്നുമാസത്തിനകം കോട്ടയത്തും തുടങ്ങും. സർക്കാർ നിയന്ത്രിത സ്ഥാപനമെന്നനിലയിൽ വലിയ ജനസ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
വിവിധയിനം മത്സ്യവിഭവങ്ങൾ മിതമായ നിരക്കിൽ ലഭിക്കും. ഞണ്ട്, കല്ലുമ്മക്കായ പോലുള്ളവയും വിൽപനക്കുണ്ടാകും. കപ്പ, ചപ്പാത്തി, അപ്പം തുടങ്ങിയവയാവും മത്സ്യവിഭവങ്ങൾക്കൊപ്പം തീൻ മേശയിലെത്തുക. കോവളത്ത് ഓഖിയുമായി ബന്ധപ്പെട്ട് നിർമിച്ച കെട്ടിടത്തിലാണ് ഭക്ഷണശാല പ്രവർത്തിക്കുക. മറ്റു ജില്ലകളിൽ കെട്ടിടങ്ങൾ ലഭ്യമായാൽ വൈകാതെ വിൽപനശാലകൾ തുറക്കും. കുറഞ്ഞ നിരക്കിൽ വാടകക്ക് കെട്ടിടങ്ങൾ ലഭിച്ചാൽ അതും പരിഗണിക്കും. തലസ്ഥാനത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായി മത്സ്യഫെഡ് സീഫുഡ് സ്റ്റാളുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഒരു ദിവസം രണ്ടു ലക്ഷം രൂപയുടെ വരെ വിറ്റുവരവുണ്ടായി. ഗുണനിലവാരമുള്ള മത്സ്യമാണ് വിഭവങ്ങൾ തയാറാക്കാൻ ഉപയോഗിക്കുകയെന്ന് മത്സ്യഫെഡ് എം.ഡി ഡോ.പി. സഹദേവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
‘മത്സ്യഫെഡ്’ എന്ന ബ്രാൻഡ് കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഓൺലൈൻ മത്സ്യവിപണനം വിപുലമാക്കലാണ് ഇതിലൊന്ന്. ഇതിനായി പരിഷ്കരിച്ച മൊബൈൽ ആപ്പ് തയാറാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് സ്മാർട്ട്സിറ്റി അധികൃതരുമായി പ്രാരംഭ ചർച്ച കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.