കൊല്ലം: നിരോധനത്തിന്റെ ചങ്ങലപ്പിടിത്തം അവസാനിച്ചതോടെ പ്രതീക്ഷയുടെ ആഴക്കടൽ തേടി യാത്രയായി മത്സ്യത്തൊഴിലാളികൾ. 52 ദിവസങ്ങൾ നീണ്ട നിശ്ശബ്ദതക്ക് അവസാനമിട്ട് ഹാർബറുകളിലെങ്ങും ആവേശത്തിരയുയർന്നു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഇത്തവണത്തെ ട്രോളിങ് നിരോധനകാലത്തിന് അവസാനംകുറിച്ച് യന്ത്രവത്കൃത യാനങ്ങൾ മത്സ്യബന്ധനത്തിന് കടലിലേക്ക് പോയിത്തുടങ്ങിയത്. നിരോധനകാലയളവിൽ ട്രോളറുകൾ പൂർണമായും ഒഴിഞ്ഞതോടെ പരമ്പരാഗത ഇൻബോർഡ് വള്ളങ്ങൾ മാത്രമാണ് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നത്.
നിരോധനകാലം പൂർത്തിയാക്കി ട്രോളിങ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി നീണ്ടകര, അഴീക്കൽ തുറമുഖങ്ങൾ ഒരുക്കങ്ങളുമായി കഴിഞ്ഞദിവസങ്ങളിൽ സജീവമായിരുന്നു. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും അടച്ചിട്ടിരുന്ന ഡീസല്‍ ബങ്കുകളും തുറന്നിരുന്നു. ബോട്ടുകളിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികൾ ഒന്നരമാസത്തിനുമേൽനീണ്ട അവധിക്ക് ശേഷം നാട്ടിൽനിന്ന് മടങ്ങിയെത്തിയതോടെ വലയൊരുക്കലും ബോട്ടുകൾ വൃത്തിയാക്കലുമെല്ലാം നേരേത്ത പൂർത്തിയായി.
ഇത്തവണ മികച്ച കൊയ്ത്തായിരിക്കും കടൽ കാത്തുെവച്ചിരിക്കുന്നത് എന്ന പ്രതീക്ഷയോടെയാണ് ബോട്ടുമായി മത്സ്യത്തൊഴിലാളികൾ യാത്രയായത്. വറുതിക്കാലം ബാക്കിയാക്കിയ നഷ്ടങ്ങൾ വരുംദിനങ്ങളിൽ ചാകരക്കോളിൽ നികത്താനാകുമെന്ന വിശ്വാസമാണ് അവർ പങ്കുെവച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.