കൊച്ചി: അഞ്ചുവർഷം കഴിഞ്ഞിട്ടും കടാലസിലൊതുങ്ങി നിലമ്പൂർ കന്നിക്കൈ തൂക്കുപാലം. ആദിവാസിക്ക് പുറംലോകവുമായി സമ്പർക്കം പുലർത്താനുള്ള ഏക പ്രതീക്ഷയായിരുന്നു ഈ പാലം. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വനത്തിനുള്ളിൽ താമസിക്കുന്നവർക്ക് പുറത്തേക്ക് വരാനുള്ള വഴിയായിരുന്നു അത്. ആദിവാസികളുടെ വികസനം ലക്ഷ്യമിട്ടാണ് പാലം നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ, പട്ടികവർഗ ഉദ്യോഗസ്ഥന്മാരുടെ ഇടപെടലിലുണ്ടായ വീഴ്കകളും വനംവകുപ്പിന്‍റെ കടുംപിടുത്തവും ആദിവാസികളുടെ വികസനത്തിന്‍റെ പാത അടച്ചു.
തൂക്കുപാലം നിർമിക്കുന്നതിനുള്ള നിർദേശം പട്ടികവർഗ വകുപ്പ് ഡയറക്ടർ സംസ്ഥാനതല പ്രവർത്തക സമിതിയുടെ പരിഗണനക്കായി സമർപ്പിച്ചത് 2016ലാണ്. ജനുവരി 19ന് ചേർന്ന വർക്കിംഗ് ഗ്രൂപ്പ് ഈ നിർദ്ദേശം പരിഗണിച്ചു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ജനുവരി 30ന് നിർവഹണ ഏജൻസിയായ എം.എസ് സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള (സിൽക്ക്) 92.19 ലക്ഷം രൂപ ചെലവിൽ 69 മീറ്റർ നീളവും 1.25 മീറ്റർ വീതിയുമുള്ള തൂക്കുപാല നിർമാണത്തിന് നിർദേശം സമർപ്പിച്ചു. തുടർന്ന് എസ്.ടി വകുപ്പിന്റെ ഡയറക്ടറും സിൽക്കും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. അത് പ്രകാരം ആദ്യ ഗഡുവായി 18.44 ലക്ഷം രൂപ (20 ശതമാനം) സിൽക്കിന് 2016 ഏപ്രിൽ 16ന് അനുവദിച്ചു.
പദ്ധതി നടപ്പാക്കുന്നതിന് 2006ലെ വനാവകാശ നിയമപ്രകാരം ഓഗസ്റ്റ് 18ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് കത്ത് നൽകി. മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥക്ക് വിധേയമായി പാലം നിർമ്മിക്കാൻ വനംവകുപ്പിന്‍റെ അനുമതി ലഭിച്ചു. ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് സ്ഥലം സർവേ നടത്തി. ശക്തമായ മഴയിൽ ആദ്യം നിർദേശിച്ച സ്ഥലം വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പരിശോധന സമയത്ത് അറിയിച്ചു. അതനുസരിച്ച്, 90 മീറ്റർ പുതുക്കിയ സ്‌പാൻ ഉപയോഗിച്ച് പുതിയ സ്ഥലം നിശ്ചയിച്ചു. അതോടെ 1.16 കോടി രൂപയുടെ പുതുക്കിയ നിർദേശം സിൽക്ക് സമർപ്പിച്ചു.
സർക്കാർ 2017 ഫെബ്രുവരി ഏഴിന് പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു. നിർമാണം ആദ്യം ഏറ്റെടുത്ത കരാറുകാരൻ പിൻവാങ്ങിയതിനെ തുടർന്ന് "നാലകത്ത് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്ഥാപത്തിന് പണി നൽകി. അതോടെ, വനംവകുപ്പിന്റെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് റേഞ്ച് ഓഫീസർ രംഗത്ത് വന്നു. കരാറുകാരൻ മെക്കാനിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് കുഴികളെടുക്കാൻ അനുമതി തേടി. ഡി.എഫ്.ഒ അനുമതി നൽകിയില്ല. തുടർന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സൈറ്റിൽ ഒരു പ്രവർത്തനവും നടക്കുന്നില്ലെന്ന് പ്രോജക്ട് ഓഫിസറെ അറിയിച്ചു.
ആദ്യം പാലം നിർമിക്കാൻ നിർദേശിച്ച സ്ഥലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ അനുമതി ലഭിച്ചിരുന്നു. എന്നാൽ, സ്ഥലം മാറ്റിയപ്പോൾ, ആ സ്ഥലത്തെ നർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല. മരങ്ങൾ മുറിക്കരുതെന്ന നിബന്ധനയോടെയാണ് വനംവകുപ്പ് അനുമതി നൽകിയത്. എന്നാൽ വനംവകുപ്പിന്റെ സമ്മതം വാങ്ങാതെ കരാറുകാരൻ പാതയൊരുക്കുന്നതിന് വെട്ടിത്തെളിക്കൽ ജോലികൾ തുടങ്ങിയതോടെയാണ് നിർമാണപ്രവർത്തനങ്ങൾക്ക് വനംവകുപ്പ് ഷട്ടറിട്ടത്.
നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങണം. ഇവിടെ നിർദ്ദേശിച്ച പ്രവർത്തനങ്ങൾ പട്ടികവർഗ വകുപ്പാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. സിൽക്കിന് കരാർ നൽകി. പിന്നീട് വനം വകുപ്പിൽ നിന്ന് ആവശ്യമായ അനുമതി തേടുകയും ചെയ്തു. വനം വകുപ്പിന്റെ വ്യവസ്ഥകളിൽ എന്തെങ്കിലും ലംഘിച്ചാൽ അവർ നിർമ്മാണ പ്രവർത്തനങ്ങൾ തടയുക സ്വാഭാവികമാണ്. വനംവകുപ്പിന്റെ അനുമതി നിഷേധിച്ചതിനാൽ നിലമ്പൂർ കന്നിക്കൈയിൽ തൂക്കുപാലത്തിന്റെ നിർമാണം അഞ്ചുവർഷം പിന്നിട്ടിട്ടും തുടങ്ങാനായിട്ടില്ല. സൈറ്റിൽ നേരിട്ട് പരിശോധന നടത്താതെ, ഗുണഭോക്താക്കളുമായി കൂടിയാലോചിക്കാതെയാണ് യഥാർത്ഥ എസ്റ്റിമേറ്റ് തയാറാക്കിയത്. അത് ചെലവ് വർദ്ധിപ്പിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും കാരണമായിട്ടുണ്ട്. വനാവകാശ നിയമപ്രകാരം വനംവകുപ്പിന് പാലം നിർമാണത്തെ എതിർക്കാനാവില്ല. എന്നാൽ, പട്ടികവർഗ വകുപ്പ് ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടൽ നടത്തിയിട്ടില്ല.
സിൽക്കിന് അഡ്വാൻസായി നൽകിയ കരാർ തുകയുടെ ഇരുപത് ശതമാനം (18.44 ലക്ഷം രൂപ) നിഷ്‌ക്രിയമായി കിടക്കുകയാണ്. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ ഫോറസ്റ്റ് ഓഫീസറുടെ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പണികൾ തുടങ്ങാൻ കഴിയാത്തതെന്നാണ് മറുപടി. പണി പൂർത്തീകരിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ സൗത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസറുമായി കത്തിടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പട്ടികവർഗ വകുപ്പിന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.