തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫർസീൻ മജീദ്, നവീൻ എന്നിവരെയാണ് വലിയതുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കായി ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പി.എ എന്നിവർ ചികിത്സ തേടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ തങ്ങൾക്ക് പരിക്കേറ്റതായാണ് ഇവർ പറഞ്ഞത്.
കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു വിമാനത്തിനുള്ളിൽ പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ചെത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ 'പ്രതിഷേധം .. പ്രതിഷേധം' എന്ന് പറഞ്ഞ് യുവാക്കൾ ഏഴുന്നേൽക്കുകയായിരുന്നു. തുടർന്നാണ് ഇ.പി ജയരാജൻ അവരെ നേരിടാൻ രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിക്കെതിരെ നീങ്ങിയപ്പോൾ തടഞ്ഞു നിർത്തുക മാത്രമാണ് താൻ ചെയ്തത്. ഇല്ലെങ്കിൽ മുഖ്യമന്ത്രിയെ അക്രമിക്കുമായിരുന്നുവെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. 'എന്ത് കോൺഗ്രസാണിത്. ഭീകരപ്രവർത്തനമാണ് അവർ നടത്തുന്നത്. ഞങ്ങളവിടെ ഇല്ലായിരുന്നുവെങ്കിൽ ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നു. പ്രവർത്തകരെ മൂക്കറ്റം കള്ളും കുടിപ്പിച്ച് പ്രതിഷേധമെന്ന പേരിൽ കോൺഗ്രസ് കയറ്റി വിടുകയായിരുന്നു' - ഇ.പി ആരോപിച്ചു.
അതേസമയം, മദ്യലഹരിയിലായിരുന്നെന്ന ആരോപണം ഇരുവരും തള്ളി. പ്രതിഷേധിക്കാൻ എഴുന്നേറ്റതോടെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ അടിച്ചെന്ന് ഇവർ പറയുന്നു. പുറത്തിറങ്ങിയാൽ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി. കണ്ണൂരിൽ നിന്ന് വിമാനത്തിൽ കയറിയിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തപ്പോൾ മാത്രമാണ് എഴുന്നേറ്റത്. യാത്രക്കാരുടെ മുന്നിലിട്ടാണ് ഇ.പി. ജയരാജൻ മർദിച്ചതെന്നും ഇരുവരും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.