നെടുമ്പാശ്ശേരി: പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചിയിൽനിന്ന് നേരിട്ടുള്ള യൂറോപ്യൻ സർവിസിന് തുടക്കം. ലണ്ടനിൽനിന്ന് ആദ്യ എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുലർച്ച കൊച്ചിയിലെത്തി. സിയാൽ അഗ്നിരക്ഷാസേനയുടെ ഫയർ ടെൻഡറുകൾ വിമാനത്തെ ജലാഭിവാദ്യം നൽകി സ്വീകരിച്ചു.
പുതിയ മേഖല സർവിസുകൾക്കും പുതിയ വിമാനങ്ങൾക്കുമാണ് വിമാനത്താവളങ്ങളിൽ ജലാഭിവാദ്യം നൽകുന്നത്. യൂറോപ്യൻ യാത്രാസൗകര്യം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി നേരിട്ടുള്ള മുഴുവൻ സർവിസുകൾക്കും ലാൻഡിങ് ഫീ ഒഴിവാക്കിയെന്ന് സിയാൽ അറിയിച്ചു.
സെപ്റ്റംബർ 27 വരെയുള്ള എയർ ഇന്ത്യ സർവിസുകൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. വിമാന ലാൻഡിങ് ചാർജ് കുറക്കുന്നതോടെ കൂടുതൽ വിമാനക്കമ്പനികൾക്ക് യൂറോപ്പിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാർജ് കുറക്കാനും ഇത് ഉപകരിച്ചേക്കും.
കൊച്ചിയിലെത്തിയ വിമാനം രാവിലെ 6.30ന് 229 യാത്രക്കാരുമായി ലണ്ടനിലേക്ക് മടങ്ങി. വന്ദേഭാരത് മിഷെൻറ ഭാഗമായി സെപ്റ്റംബർ 27 വരെയുള്ള ലണ്ടൻ-കൊച്ചി-ലണ്ടൻ സർവിസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവിസ്. വെള്ളിയാഴ്ച പുലർച്ച നാലോടെ ലണ്ടനിൽ നിന്നെത്തുന്ന ആദ്യവിമാനം അന്ന് രാവിലെ ആറിന് മടങ്ങും. ഞായറാഴ്ച പുലർച്ച 12.15ന് എത്തുന്ന വിമാനം അന്ന് ഉച്ചക്ക് 12.20ന് മടങ്ങും.
ഇന്ത്യയിൽനിന്ന് ബ്രിട്ടീഷ് പൗരന്മാരെ മടക്കിക്കൊണ്ടുപോകുന്നതിെൻറ ഭാഗമായ ബ്രിട്ടീഷ് എയർവേസ് വിമാനം നേരത്തേ കൊച്ചിയിൽ എത്തിയിരുന്നു. എയർ ഇന്ത്യ ലണ്ടനിൽനിന്ന് മുംബൈ വഴിയും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക് എന്നിവിടങ്ങളിൽനിന്ന് ഡൽഹി വഴിയും കൊച്ചിയിലേക്ക് തുടർച്ചയായി സർവിസുകൾ നടത്തുന്നുണ്ട്. ഇതാദ്യമായാണ് ലണ്ടനിൽനിന്ന് നേരിട്ട് സർവിസ്.
കോവിഡ് പശ്ചാത്തലത്തിലുള്ള പ്രത്യേക യാത്രാ പദ്ധതിപ്രകാരം കൂടുതൽ രാജ്യങ്ങളിലേക്ക് വിമാന സർവിസുകൾ സെപ്റ്റംബർ ആദ്യവാരം ആരംഭിക്കും. വന്ദേഭാരത് മിഷെൻറ ഭാഗമായി എയർ ഇന്ത്യ യൂറോപ്, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് വിവിധ ഇന്ത്യൻ നഗരങ്ങൾ വഴി കൊച്ചിയിലേക്ക് സർവിസുകൾ നടത്തുന്നുണ്ട്. സെപ്റ്റംബർ ആദ്യയാഴ്ച മുതൽ ഇൻഡിഗോ കൊച്ചിയിൽനിന്ന് ദോഹ, ദുബൈ, കുവൈത്ത് സർവിസുകളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.