തിരുവനന്തപുരം: ഫ്ലോട്ടിങ് സംവരണത്തിൽ സർക്കാർ തീരുമാനം വേണമെന്ന് പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗവും. സർക്കാറിന് സമർപ്പിച്ച സമിതി യോഗത്തിന്റെ മിനിറ്റ്സിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയത്. നേരത്തെ പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗം ചേർന്നപ്പോൾ വിഷയം സർക്കാർ പരിഗണനയിലാണെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ ലഭിച്ചിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് അറിയിച്ചിരുന്നു.
തുടർന്ന്, യോഗത്തിൽ കാര്യമായ ചർച്ച നടന്നതുമില്ല. പിന്നാലെയാണ് മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിൽ ഫ്ലോട്ടിങ് സംവരണം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചതായി അറിയിച്ച് പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകിയത്. ഇതിനു ശേഷമാണ് വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന രീതിയിലുള്ള ശിപാർശ സഹിതം പ്രവേശന പരീക്ഷ കമീഷണർ പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗത്തിന്റെ മിനിറ്റ്സ് സർക്കാറിന് സമർപ്പിച്ചത്.
മിനിറ്റ്സ് പ്രകാരം പ്രോസ്പെക്ടസിന് സർക്കാർ അംഗീകാരം നൽകിയപ്പോൾ ഫ്ലോട്ടിങ് സംവരണത്തിൽ തീരുമാനമെടുത്തില്ല. പകരം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഉന്നതതല യോഗം ചേർന്ന് വിഷയം പഠിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും പ്രവേശന പരീക്ഷ കമീഷണറേറ്റിലെയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഫ്ലോട്ടിങ് സംവരണം നിർത്തലാക്കണമെന്ന നിലപാടിലായിരുന്നു.
ഇത്തരം നിലപാടുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് പഠനം നടത്തുന്നത് പിന്നാക്ക വിഭാഗത്തിലുള്ളവരിലും ആശങ്ക പരത്തിയിട്ടുണ്ട്. സമിതിയെ നിയോഗിച്ച് ഫ്ലോട്ടിങ് സംവരണം നിർത്തലാക്കാനുള്ള രീതിയിൽ ശിപാർശ വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് സൂചന. റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഫ്ലോട്ടിങ് സംവരണം നിർത്തലാക്കാൻ സർക്കാറിന് ന്യായവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.