ട്രെയിനുകളിലെ ഭക്ഷണം: രണ്ടു വർഷത്തിനിടെ പരാതികളിൽ 500 ശതമാനം വർധന

പാലക്കാട്: ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികളേറുന്നു. രണ്ടു വർഷത്തിനുള്ളിൽ ഇത്തരം പരാതികളിൽ 500 ശതമാനം വർധനയാണുണ്ടായത്. ഭക്ഷണത്തിന്റെ ഗുണമില്ലായ്മയുമായി ബന്ധപ്പെട്ട് 2022 മാർച്ചിൽ 1192 പരാതികളാണ് റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന് ലഭിച്ചത്.

എന്നാൽ, 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ ലഭിച്ച പരാതികളുടെ എണ്ണം 6948 ആയി ഉയർന്നു. വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നിവയിലും മറ്റ് എക്സ്പ്രസ് ട്രെയിനുകളിൽനിന്നുമാണ് പരാതികളേറെയും. ഭക്ഷണം വിതരണംചെയ്യാൻ കരാർ ഏറ്റെടുത്ത 68 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മൂന്നു കമ്പനികളുടെ കരാർ മാത്രമാണ് റദ്ദാക്കിയത്.

റെയിൽവേക്ക് 1518 കേറ്ററിങ് കോൺട്രാക്ടുകളാണുള്ളത്. പാചകംചെയ്യാൻ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഐ.ആർ.സി.ടി.സിക്ക് സംവിധാനങ്ങളില്ലെന്നും പാൻട്രികാറുള്ള ട്രെയിനുകളുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും പാസഞ്ചർ അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.

കരാറെടുത്ത കമ്പനികൾ ഭക്ഷണം സ്റ്റേഷനുകൾക്ക് പുറത്തുവെച്ചാണ് പാക്ക്‌ ചെയ്ത് ട്രെയിനുകളിലേക്ക് കയറ്റുന്നത്. ഇതിനാൽ, പാചകംചെയ്ത് ഏറെ കഴിഞ്ഞാണ് ഭക്ഷണം യാത്രക്കാർക്ക് ലഭിക്കുന്നത്. തിരക്കുള്ള ജനറൽ കോച്ചുകളിൽപോലും ഭക്ഷണസാധനങ്ങൾ മൂടിവെക്കാതെയും കൈയുറ ധരിക്കാതെയുമാണ് വിൽപന നടത്തുന്നതെന്ന് പരാതിയുണ്ട്.

റെയിൽവേയിൽ ആരോഗ്യവിഭാഗവും ഓരോ ഡിവിഷനിലും അമ്പതോളം ഹെൽത്ത് ഇൻസ്പെക്ടർമാരുമുണ്ട്. ഇവർക്ക് സ്റ്റേഷനിലെയും ട്രെയിനുകളിലെയും ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമുണ്ട്. എന്നാൽ, സ്റ്റേഷനുകളിലും ട്രെയിനുകളിലും ഗുണനിലവാരം പരിശോധിക്കപ്പെടാറില്ല. റെയിൽവേയിൽ ഭക്ഷ്യസുരക്ഷ സ്ക്വാഡ് പോലുമില്ല.

ഭക്ഷ്യവിഷബാധപോലുള്ള സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഫുഡ് സേഫ്റ്റി ഓഫിസറുടെ പരിശോധനക്കപ്പുറം മിക്കയിടത്തും തുടർനടപടിയുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. 

Tags:    
News Summary - Food on trains: 500 per cent rise in complaints in two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.