കോട്ടയം: ജില്ലയിൽ നാല് പഞ്ചായത്തിൽകൂടി കാലിത്തീറ്റ കഴിച്ച കന്നുകാലികൾക്ക് വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാൽ ഉൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തതായി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.മാഞ്ഞൂർ, വെളിയന്നൂർ, എലിക്കുളം, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് വ്യാഴാഴ്ച പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്.
ജില്ലയിൽ വ്യാഴാഴ്ച 10 പഞ്ചായത്തിലായി 18 കർഷകരുടെ 47 കന്നുകാലികൾക്കും രണ്ട് ആടിനും രോഗം റിപ്പോർട്ട് ചെയ്തു. മാഞ്ഞൂർ -14, എലിക്കുളം -7, കുറവിലങ്ങാട് -3, വെളിയന്നൂർ -4, നീണ്ടൂർ -2, മീനടം-3, ആർപ്പൂക്കര -6 കന്നുകാലി, 2 ആട്, വാഴൂർ -1, പാമ്പാടി -2, അതിരമ്പുഴ -5 എന്നിങ്ങനെയാണ് രോഗം റിപ്പോർട്ട് ചെയ്ത കന്നുകാലികളുടെ എണ്ണം. രോഗലക്ഷണങ്ങളല്ലാതെ ഗൗരവമായ സ്ഥിതിവിശേഷം റിപ്പോർട്ട് ചെയ്തിട്ടില്ല.
കടുത്തുരുത്തിയിൽ ചത്ത കന്നുകാലിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ദഹനേന്ദ്രീയ വ്യവസ്ഥ പൂർണമായി രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും പ്രധാന അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും കണ്ടെത്തിയതായി ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു. ആന്തരിക അവയവങ്ങളും കാലിത്തീറ്റ സാമ്പിളും രാസപരിശോധനക്കായി തിരുവനന്തപുരം റീജനൽ കെമിക്കൽ ലാബിലേക്ക് നൽകിയിട്ടുണ്ട്.
ആന്തരിക അവയവങ്ങളുടെ ഹിസ്‌റ്റോപതോളജിക്കൽ പരിശോധനകൾക്കായി തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയക്കുന്നതിന് നടപടി സ്വീകരിച്ചു. ക്ഷീരകർഷകന്റെ വീട്ടിൽനിന്ന് കാലിത്തീറ്റ, വയ്ക്കോൽ, കൈതയില എന്നിവയുടെ സാമ്പിളും വിദഗ്ധ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ ചികിത്സ പുരോഗതി ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിൽ വിലയിരുത്തി. കാലിത്തീറ്റ കഴിച്ച് രോഗാവസ്ഥയിലായ കന്നുകാലികളുടെ പാൽ ഉൽപാദനം പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടതായി ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു.
രോഗം ഭേദമായ കന്നുകാലികളിലും പാൽ ഉൽപാദനം ചുരുങ്ങിയിട്ടുണ്ട്. കൂടുതൽ കാലിത്തീറ്റ സാമ്പിളുകൾ മണ്ണുത്തി, നാമക്കൽ, ഗുജറാത്തിലെ ആനന്ദ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയക്കാൻ നടപടി സ്വീകരിച്ചതായും ചീഫ് വെറ്ററിനറി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.