തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് 40 ഭക്ഷ്യസുരക്ഷ സ്ക്വാഡുകൾ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ബേക്കറികൾ, ബോർമകൾ, കേക്ക്-വൈൻ ഉൽപാദകർ, മറ്റ് ബേക്കറി ഉൽപന്ന വിതരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഗുരുതരമായ പിഴവുകൾ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ഡിസംബർ 12 മുതൽ 15വരെ കാലയളവിൽ 1944 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 14.1ലക്ഷം പിഴ ഈടാക്കി. 778 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 50 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഗുരുതരമായ പിഴവുകൾ കണ്ടെത്തിയ 19 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
തിരുവനന്തപുരം ജില്ലയിൽ 92 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 89,500 രൂപ പിഴ ഈടാക്കുകയും 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഒരു സ്ഥാപനം ജില്ലയിൽ നിർത്തിവെപ്പിച്ചു. കൊല്ലം ജില്ലയിൽ 110 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 1,10,500 രൂപ പിഴ ഈടാക്കി. പത്തനംതിട്ടയിൽ 79 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 44 എണ്ണത്തിന് നോട്ടീസ് നൽകി. 81,800 രൂപ പിഴ അടപ്പിച്ചു. ആലപ്പുഴയിൽ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 80 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 58,000 രൂപ പിഴ ഈടാക്കുകയും 51 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
മറ്റ് ജില്ലകളിലെ കണക്ക് (ജില്ല, പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ എണ്ണം, പിഴ ഈടാക്കിയ തുക എന്നിവ ക്രമത്തിൽ) കോട്ടയം--129--62,000 രൂപ, ഇടുക്കി--107--74,000 രൂപ, എറണാകുളം--186-1.59 ലക്ഷം, തൃശൂർ- -241--2.32 ലക്ഷം, പാലക്കാട്- -200--68,000 രൂപ, മലപ്പുറം-- 142- -93,000 രൂപ, കോഴിക്കോട്- -197--1.48 ലക്ഷം രൂപ, വയനാട്--158- 99,000 രൂപ, കണ്ണൂർ--165-- 78,000 രൂപ, കാസർകോട്- -58-- 57,000 രൂപ.
ഡിസംബർ ആറ് മുതൽ എട്ടുവരെ നടത്തിയ ഒന്നാംഘട്ട പരിശോധനയിലും ഇപ്പോഴത്തെ രണ്ടാംഘട്ടത്തിലും കൂടി 25.68 ലക്ഷമാണ് പിഴ ഈടാക്കിയത്. മൊത്തം 3231 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 40 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.