പ്രദീപ്​ കുമാർ    

​ശമ്പളവിവേചനം ചോദ്യം ചെയ്​തതിന്​ സാക്ഷരത മിഷനിൽനിന്ന്​ പിരിച്ചുവിട്ടതായി പരാതി

തിരുവനന്തപുരം: വേതനത്തിലെ വിവേചനം ചോദ്യം ചെയ്​തതിന്​ പിരിച്ചുവി​ട്ടെന്ന്​ കാണിച്ച്​ സാക്ഷരത മിഷൻ പി.ആർ.ഒ പ്രദീപ് കുമാർ മനുഷ്യാവകാശ കമീഷന്​ പരാതി നൽകി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി, അദ്ദേഹം ജനറൽ കൗൺസിൽ ചെയർമാനായ സാക്ഷരത മിഷന്‍റെ പി.ആർ.ഒയായ തന്‍റെ ഫയൽ കണ്ടില്ലെന്ന്​ പ്രദീപ് കുമാർ കുറ്റപ്പെടുത്തുന്നു.

സാക്ഷരത മിഷൻ സ്റ്റേറ്റ് പബ്ലിക് റിലേഷൻസ് ഓഫിസർക്ക് അനുവദിച്ചത് പത്താംക്ലാസ് യോഗ്യതയുടെ മിനിമം വേതനമാണ്​. ഈ പട്ടികയിലെ കാറ്റഗറി അഞ്ച്​ പ്രകാരം ലിറ്ററസി ടീച്ചറുമാരുടെ (സാക്ഷരത പ്രേരക്) 22,000 രൂപ വേതനമാണ് സാക്ഷരത മിഷൻ പി.ആർ.ഒക്ക്​ അനുവദിച്ചത്.

ബി.കോം ഡിഗ്രിയും ജേർണലിസം ആൻഡ് മാസ്​ കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയും പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ 15 വർഷത്തെ മാധ്യമപ്രവർത്തന പരിചയവുമുള്ള തന്നെ പത്താംക്ലാസ് യോഗ്യതയായി നിശ്ചയിച്ച സാക്ഷരതാ പ്രേരക്മാരുടെ ഗണത്തിൽപ്പെടുത്തുകയായിരുന്നുവെന്ന്​ ഇദ്ദേഹം പറയുന്നു.

'വേതന വിവേചനം നിരന്തരം ചോദ്യം ചെയ്തതോടെ തസ്തികയില്‍നിന്ന് പിരിച്ചുവിട്ടു. 2014 ഡിസംബർ മുതൽ തനിക്ക് അർഹതപ്പെട്ട വേതനത്തിന്‍റെ കുടിശ്ശിക അനുവദിക്കുക, അർഹതപ്പെട്ട വേതനം നിരന്തരം ചോദ്യം ചെയ്തതിന് ഇല്ലാത്ത ആരോപണങ്ങൾ സൃഷ്ടിച്ച്​ പുറത്താക്കിയ സാക്ഷരത മിഷൻ അധികൃതരുടെ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​​ മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്.

യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത്​ സാക്ഷരതാ മിഷൻ ഭരണ സമിതി പി.ആർ.ഒക്ക്​ പ്രതിമാസം 40,500 രൂപ വേതനം നിശ്ചയിച്ച് ധനവകുപ്പിൽ ശുപാർശ സമർപ്പിച്ചെങ്കിലും പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ വേതനം വെട്ടിക്കുറച്ചു. വേതന വർധനക്കുള്ള തുക സാക്ഷരതാ മിഷന്‍റെ തനത് ഫണ്ടിൽ നിന്നുമാണ് വകയിരുത്തുന്നത്. ധനവകുപ്പിന് നേരിട്ട് ബാധ്യത ഇല്ലെന്നിരിക്കെയാണ് ഈ കടുത്ത വിവേചനം. കൂടാതെ, താൽക്കാലിക കരാർ ജീവനക്കാർക്ക് സർക്കാറിലെ സ്ഥിരം തസ്തികയിലെ തുല്യമായ വേതനം അനുവദിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കൃത്രിമ മാനദണ്ഡം ഉണ്ടാക്കരുതെന്നും സുപ്രീം കോടതി ഉത്തരവ് വ്യക്തമാക്കുന്നുണ്ട് -പ്രദീപ് കുമാര്‍ പറഞ്ഞു. 

'കേരള രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനില്‍ പബ്ലിക് റിലേഷൻസ് ഓഫിസറുടെ സമാന തസ്തികയിൽ നൽകുന്ന വേതനം 43,155 രൂപയാണ്. ജേർണലിസം ആൻഡ് മാസ്​ കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയും അഞ്ച്​ വർഷത്തെ മാധ്യമ രംഗത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇതേ യോഗ്യതയിലുള്ള കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിലും 40,000ത്തിനും 45,000ത്തിനും ഇടയിലാണ് വേതനം. ഈ സാഹചര്യത്തിലാണ് ഇത്രയധികം യോഗ്യതകളുണ്ടായിട്ടും പത്താം ക്ലാസ് യോഗ്യതക്ക്​ സമാനമായ വേതനം നൽകി അധികൃതർ തന്നെ അവഹേളിക്കുന്നത് - പ്രദീപ് കുമാര്‍ പറയുന്നു.

'വേതന വിവേചനം ചൂണ്ടിക്കാട്ടി നിരന്തരം സെക്ര​േട്ടറിയറ്റ് പടി കയറിയിറങ്ങിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. ധനവകുപ്പില്‍ സ്വാധീനമുള്ളവര്‍ക്ക് മാത്രം കാര്യങ്ങള്‍ എളുപ്പമാവുകയാണ്​. അതേസമയം, അർഹതപ്പെട്ട മിനിമം വേതനം ലഭ്യമാക്കാം എന്ന് പ്രലോഭിപ്പിച്ച് സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് തന്നെ ഉപയോഗിച്ചു. കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ ഇവർ പുറത്താക്കുകയായിരുന്നു' -പ്രദീപ് കുമാർ ആരോപിക്ക​ുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിന്​ മുന്നോടിയായി കഴിഞ്ഞ ഫെബ്രുവരി 22നാണ് തസ്തികയില്‍നിന്ന് പുറത്താക്കിയത്. കോവിഡ് കാലത്ത് തൊഴിലിടങ്ങളിൽ പിരിച്ചുവിടാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തുണയായില്ല. സാക്ഷരത മിഷനിലെന്ന പോലെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും ഇത്തരത്തില്‍ വേതന വിവേചനം ഉണ്ടാകാനിടയുണ്ടെന്നും സുപ്രീംകോടതി പോലും നിഷ്കര്‍ഷിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നും പ്രദീപ് കുമാര്‍ പറയുന്നു.

ഇദ്ദേഹത്തിന്‍റെ പരാതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്​. വിഷയത്തിൽ സർക്കാറിന്‍റെ വിശദീകരണം ആരായുമെന്ന്​ മനുഷ്യാവകാശ കമീഷൻ അറിയിച്ചു.

Tags:    
News Summary - For questioning pay discrimination Complaint of dismissal from the Literacy Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.