തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച് ഭരണഘടനാപ്രതിസന്ധി ഉയർന്നുവന്ന സന്ദർഭം കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യം. നയപ്രഖ്യാപനം നടത്താനെത്തിയ ഗവർണർമാരെ പ്രതിപക്ഷം തടയുന്നതും പ്രസംഗ ഭാഗങ്ങൾ ഗവർണർ ഒഴിവാക്കി വായിക്കുന്ന സന്ദർഭങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും നയപ്രഖ്യാപനതലേന്ന് ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ചത് മുമ്പെങ്ങുമില്ലാത്ത അസാധാരണ സാഹചര്യം.
1974ൽ ആണ് ഗവർണറുടെ നയപ്രഖ്യാപനം തടയാൻ ശ്രമിക്കുന്ന ആദ്യ സന്ദർഭം കേരള നിയമസഭയിലുണ്ടാകുന്നത്. സി. അച്യുതമേനോൻ നേതൃത്വം നൽകിയ സർക്കാറിന്റെ നയപ്രഖ്യാപനത്തിനായി '74 ജനുവരി 31ന് സഭയിലെത്തിയ ഗവർണർ എൻ.എൻ. വാഞ്ചൂവിനെ സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞു.
ഒടുവിൽ സെക്രേട്ടറിയറ്റ് കോമ്പൗണ്ടിലെ പഴയ നിയമസഭ കെട്ടിടത്തിന്റെ പിറകിലെ വാതിൽ വഴിയാണ് ഗവർണറെ സഭയിലെത്തിച്ച് നയപ്രഖ്യാപനം നടത്തിയത്. സമാനമായ സന്ദർഭം 1982 ജനുവരി 29നും ഉണ്ടായി. അന്ന് ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലം നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോൾ സി.പി.എം നേതൃത്വത്തിലുള്ള പ്രതിക്ഷം തടഞ്ഞു. പിറകിലെ വാതിലിലൂടെ സഭയിലെത്തിയ ഗവർണർ പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും വായിച്ച് പ്രസംഗം അവസാനിപ്പിച്ചു.
നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപനമാണ് ആറ് മിനിറ്റിൽ ഒതുങ്ങിയ അന്നത്തെ പ്രസംഗം. 2020 ജനുവരി 29ന് പിണറായി വിജയൻ സർക്കാറിന്റെ നയപ്രഖ്യാപനം നടത്താനെത്തിയ ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭക്കുള്ളിൽ തടയുകയുണ്ടായി. വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ മാറ്റിയാണ് അന്ന് ഗവർണർക്ക് പ്രസംഗം നടത്താൻ വഴിയൊരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗം ഗവർണർമാർ വായിക്കാതെ വിടുന്നത് കേരളത്തിൽ ആദ്യമുണ്ടായത് 1996ൽ ആയിരുന്നു.
ഇ.കെ. നായനാർ മന്ത്രിസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തിയ ഖുർഷിദ് ആലം ഖാൻ ആയിരുന്നു അന്ന് ഗവർണർ. സുഖ്ദേവ് സിങ് കാങ് ഗവർണറായിരിക്കെ 2001ലെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങളും വായിക്കാതെ വിട്ടു. പിന്നീട് 2018ൽ റിട്ട. ജസ്റ്റിസ് പി. സദാശിവം ഗവർണറായിരിക്കെ കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ അടങ്ങിയ അഞ്ച് ഖണ്ഡികകൾ ഒഴിവാക്കിയാണ് നയപ്രഖ്യാപനപ്രസംഗം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.